വിരുഗമ്പാക്കം മണ്ഡലത്തിൽ വിജയിന്റെ ഡ്രൈവറുടെ മകൻ ആർ ശബരീനാഥൻ ഡിഎംകെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. സംസ്ഥാനത്തുടനീളം നൂറിലധികം സീറ്റുകളിൽ മുന്നേറുന്ന പാർട്ടി, തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറുകയാണ്.

ചെന്നൈ: കന്നി അങ്കത്തിൽ തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് വിജയിന്റെ തമിഴക വെട്രി കഴകം. ചെന്നൈയിലെ നിർണ്ണായക സീറ്റായ വിരുഗമ്പാക്കത്ത് വിജയിന്റെ മുൻ ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്റുമായ രാജേന്ദ്രന്റെ മകൻ ആർ ശബരീനാഥൻ ഡിഎംകെ സ്ഥാനാർത്ഥിയെക്കാൾ മികച്ച മുന്നേറ്റം നടത്തി വിജയം കണ്ടെത്തിയിരിക്കുകയാണ്. ഡിഎംകെ സ്ഥാനാർത്ഥി പ്രഭാകര രാജയെക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ശബരീനാഥൻ വിജയിച്ചത്.

വിജയിന്റെ ആദ്യ ചിത്രമായ 'നാളെയ തീർപ്പ്' മുതൽ അദ്ദേഹത്തിനൊപ്പമുള്ള ഡ്രൈവർ രാജേന്ദ്രന്റെ മകനായ 30-കാരൻ ശബരീനാഥന് സീറ്റ് നൽകിയത് പാർട്ടിയുടെ താഴേത്തട്ടിലുള്ളവർക്കുള്ള അംഗീകാരമായിട്ടാണ് വിലയിരുത്തപ്പെട്ടത്. സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ വേദിയിൽ വെച്ച് കരഞ്ഞ ശബരീനാഥനെ വിജയ് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ വോട്ടെണ്ണൽ സമയത്ത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇത് പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സഹായിച്ചതായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം നൂറിലധികം സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. അന്തിമ ഫലം വരാനുണ്ടെങ്കിലും, പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് വലിയ വെല്ലുവിളിയുയർത്തിക്കൊണ്ട് തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ ശക്തിയായി വിജയിന്റെ പാർട്ടി മാറിയിരിക്കുകയാണ്.

Scroll to load tweet…