തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) മികച്ച മുന്നേറ്റം നടത്തുന്നതിനിടെ, അദ്ദേഹത്തെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വരുൺ ചക്രവർത്തി ആശംസയറിയിച്ചു.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തകര്‍പ്പന്‍ മുന്നേറ്റം നടത്തുന്നതിനിടെ ആശംസകളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളില്‍ ടിവികെ മുന്നേറുന്നതായാണ് സൂചനകള്‍. വിജയ് അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യതകള്‍ തെളിഞ്ഞതോടെയാണ് വരുണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആശംസ അറിയിച്ചത്.

വിജയ്ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രം പങ്കുവെച്ച താരം 'അണ്ണാ' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. താന്‍ വിജയ്യുടെയും രജനികാന്തിന്റെയും വലിയ ആരാധകനാണെന്ന് വരുണ്‍ ചക്രവര്‍ത്തി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Scroll to load tweet…

രാഷ്ട്രീയത്തിനപ്പുറം ക്രിക്കറ്റ് മൈതാനത്തും വരുണ്‍ ചക്രവര്‍ത്തി മികച്ച ഫോമിലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരം മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വിക്കറ്റുകളാണ് വരുണ്‍ ഈ മത്സരത്തില്‍ വീഴ്ത്തിയത്. സീസണിന്റെ തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ട വരുണ്‍ ഇപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ വിക്കറ്റൊന്നും നേടാനാകാതിരുന്ന താരം, തൊട്ടടുത്ത നാല് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.

സ്പിന്നര്‍മാരുടെ വെല്ലുവിളി

ഐപിഎല്ലിലെ സാഹചര്യങ്ങളെക്കുറിച്ച് വരുണ്‍ പറയുന്നത് ഇങ്ങനെ... ''ഐപിഎല്ലിന്റെ തുടക്കത്തില്‍ പിച്ചുകള്‍ ബാറ്റര്‍മാരെ തുണയ്ക്കുന്നവയാകും. ആദ്യ നാല് മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാന്‍ പ്രയാസമാണ്. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ സാഹചര്യങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും.'' വരുണ്‍ പറഞ്ഞു.

ഹൈദരാബാദിന്റെ അപകടകാരിയായ ബാറ്റര്‍ ട്രാവിസ് ഹെഡിന്റെ താളം തെറ്റിക്കാനായതാണ് വിജയത്തില്‍ നിര്‍ണായകമായതെന്ന് വരുണ്‍ പറഞ്ഞു. ആംകൃഷ് രഘുവന്‍ഷിയുടെ മികച്ച ബാറ്റിംഗും വരുണിന്റെ ബൗളിംഗും ചേര്‍ന്നപ്പോള്‍ കെകെആര്‍ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി.

YouTube video player