കോൺഗ്രസ്, ഇടതുമുന്നണി   കക്ഷികളുടെ പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. മെയ് 13-നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം, ഇതിന്റെ ആദ്യപടിയായി സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ടിവികെ സ്ഥാനാർത്ഥിയായി ജെസിഡി പ്രഭാകറിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ : കോൺഗ്രസ്, ഇടതുമുന്നണി, സിവികെ , മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് മുന്നിൽ ഇനി കടമ്പ സഭയിലെ ഭൂരിപക്ഷം. മെയ് 13 ന് മുമ്പ് സഭയിൽ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. എന്നാൽ വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാനായത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ടിവികെ സർക്കാരിന് നിയമസഭയിൽ ഇന്ന് ആദ്യ ബലപരീക്ഷണമാണ്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. മൂന്നാം തവണയാണ് പ്രഭാകർ എംഎൽഎ ആകുന്നത്. പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്നും ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ അഭിപ്രായപ്പെട്ടിരുന്നു. എസ്പി വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കറിന് നൽകിയിരുന്നു.