ഹൈദരാബാദ്: ഖുശ്ബുവിന് പിന്നാലെ നടിയായ എം വിജയശാന്തിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് റിപ്പോര്‍ട്ട്. മുന്‍ എംപിയായ വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ബിജെപി നേതാവായിരുന്നു വിജയശാന്തി. 

വിജയശാന്തി പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചനകള്‍ ഒരാഴ്ച മുമ്പ് ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. ദുബാക് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ വിജയശാന്തി ഔദ്യോഗികമായി പാര്‍ട്ടി വിട്ടേക്കും. തെലങ്കാനയില്‍ ടിആര്‍എസ് കോണ്‍ഗ്രസിനെ തളര്‍ത്തിയെന്നും ഇതാണ് സംസ്ഥാനത്ത് ബിജെപിക്ക് വളരാന്‍ സാഹചര്യമൊരുക്കിയതെന്നും വിജയശാന്തി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ താരപ്രചാരകയായിരുന്നു വിജയശാന്തി.

പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ സജീവമല്ല. തുടര്‍ന്ന് കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. 1998ല്‍ ബിജെപിയിലൂടെയാണ് വിജയശാന്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പിന്നീട് ബിജെപി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. 2009ല്‍ ഈ പാര്‍ട്ടി ടിആര്‍എസില്‍ ലയിച്ചു. മേദകില്‍ നിന്ന് ടിആര്‍എസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. ടിആര്‍എസ് പരിഗണിക്കുന്നില്ലെന്ന കാരണത്താല്‍ 2014ല്‍ കോണ്‍ഗ്രസിലെത്തി.