ബിജെപിയിലേക്ക് കെസിആർ അയച്ച ചാരനാണ് മുൻമന്ത്രി ഈട്ടല രാജേന്ദറെന്നും അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപി വിട്ടതെന്നും വിജയശാന്തി വെളിപ്പെടുത്തുന്നു.
ബെംഗളൂരു: ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വിട്ട് കോൺഗ്രസിലെത്തിയ അഭിനേത്രി വിജയശാന്തി ഏഷ്യാനെറ്റ് ന്യൂസിനോട്. കെസിആറും ബിജെപിയും തമ്മിൽ രഹസ്യസഖ്യമുണ്ട്. അതുകൊണ്ടാണ് കെ കവിതയ്ക്ക് എതിരെ ഇഡി അറസ്റ്റിലേക്ക് നീങ്ങാത്തത്. ബിജെപിയിലേക്ക് കെസിആർ അയച്ച ചാരനാണ് മുൻമന്ത്രി ഈട്ടല രാജേന്ദറെന്നും അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപി വിട്ടതെന്നും വിജയശാന്തി വെളിപ്പെടുത്തുന്നു.
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് വളരെപ്പെട്ടെന്നായിരുന്നെങ്കിലും അത് ഏറെക്കാലമായി പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. എന്തായിരുന്നു ആ തീരുമാനത്തിന് പിന്നിൽ?
ഉത്തരം: കഴിഞ്ഞ 10 വർഷമായി ഞങ്ങൾ കെസിആറിനെതിരെ പോരാടുന്നു. തെലങ്കാനയിൽ ഭൂമാഫിയയായും മണൽമാഫിയയായുമാണ് ബിആർഎസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിജെപിക്ക് തിരശ്ശീലയ്ക്ക് പിന്നിൽ കെസിആറുമായി എന്നും ഒരു ധാരണയുണ്ടായിരുന്നു. ഞങ്ങളുടെ ശത്രുവായ കെസിആറുമായി എങ്ങനെയാണ് സഖ്യമുണ്ടാക്കുന്നത്? അത് കെസിആറിനെതിരായ സമരം ചെയ്ത് വന്ന ഞങ്ങളെപ്പോലുള്ള നേതാക്കളെ പറ്റിക്കുന്ന നിലപാടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഞങ്ങൾ ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്.
ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കിയതാണ്. പിന്നീടെന്ത് സംഭവിച്ചു. ഇത്തരത്തിൽ രഹസ്യധാരണ കെസിആറും ബിജെപിയും തമ്മിലുണ്ടെന്ന് തിരിച്ചറിഞ്ഞതെപ്പോഴാണ്?
ഉത്തരം: ബിജെപി മുൻ സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയും ഞാനും അടക്കമുള്ള നേതാക്കൾ കെസിആറിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തി വന്നതാണ്. പെട്ടെന്നാണ് കേന്ദ്രനേതൃത്വം ബണ്ടി സഞ്ജയിനെ മാറ്റുന്നത്. സഞ്ജയിനെ മാറ്റരുത്, തെരഞ്ഞെടുപ്പിന് ഇനി നാല് മാസമേയുള്ളൂ എന്ന് ജെ പി നദ്ദയോടും അമിത് ഷായോടും ഞാൻ നേരിട്ട് സംസാരിച്ചതാണ്. എന്നിട്ടും മാറ്റി. അതിന് ശേഷം ബിജെപി താഴേക്ക് വീണു. കേഡർമാരും നേതാക്കളും കടുത്ത അതൃപ്തിയിലായിരുന്നു. പിന്നെയാണ് ഞങ്ങൾക്ക് മനസ്സിലായത് ബിആർഎസ്സും ബിജെപിയും തമ്മിലൊരു സഖ്യമുണ്ടെന്ന്. ദില്ലി മദ്യനയ അഴിമതിക്കേസിൽ കെ കവിതയ്ക്ക് എതിരെ ഇഡി അറസ്റ്റ് ഉറപ്പായ സമയത്താണ് പെട്ടെന്ന് അന്വേഷണഏജൻസി മലക്കംമറിഞ്ഞത്.
ബിആർഎസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് ഈട്ടല രാജേന്ദർ ആണ് ഈ സഖ്യത്തിന് പിന്നിലെന്ന ആരോപണമുണ്ടോ?
ഉത്തരം: കെസിആർ ഒരു സ്മാർട്ട് നേതാവാണ്. പല പാർട്ടികളിലും ആഭ്യന്തരകലഹമുണ്ടാക്കാൻ കെസിആർ ചാരൻമാരെ അയക്കും. പാകിസ്ഥാൻ ഇന്ത്യയിലേക്ക് ചാരൻമാരെ അയക്കുന്നത് പോലെ. ഈട്ടല രാജേന്ദറാണ് ബണ്ടി സഞ്ജയെ മാറ്റണമെന്ന് നിരന്തരം ഒരു കാരണവുമില്ലാതെ ആവശ്യപ്പെട്ടത്. അതിലയാൾ വിജയിച്ചു. ബിജെപി കേന്ദ്രനേതൃത്വം രാജേന്ദർ പറഞ്ഞത് കേട്ടു. ഇതിനെല്ലാം പിന്നിൽ കെസിആറിന്‍റെ തിരക്കഥയാണ്.
2020-ൽ നിന്ന് ഇപ്പോൾ വരെ നോക്കിയാൽ കോൺഗ്രസിൽ വന്ന മാറ്റങ്ങളെന്താണ്?
ഉത്തരം: ശക്തമായി തിരിച്ച് വന്നു. ശക്തമായ പോരാട്ടം നടത്താൻ കെൽപ്പുള്ള പാർട്ടിയായി കോൺഗ്രസ്. മികച്ച തീരുമാനം തന്നെ കോൺഗ്രസിന് അനുകൂലമായി ജനം എടുക്കുമെന്നാണ് പ്രതീക്ഷ. നല്ല വാർത്ത വരും.
മേദകിൽ നിന്ന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?
ഉത്തരം: മേദകിൽ നിന്നാകില്ല മത്സരിക്കുക. എവിടെ നിന്ന് മത്സരിക്കണം എന്നതിൽ ഹൈക്കമാൻഡുമായി ചർച്ച ചെയ്ത ശേഷം മാത്രമേ പറയാനാകൂ.
