ദില്ലി: ദില്ലിയിലെ സ്കൂളുകളിലും മദ്രസകളിലും ഹനുമാൻ സൂക്ത പാരായണം നിർബന്ധമാക്കണമെന്ന് കെജ്‍രിവാളിനോട് ബിജപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർ​ഗിയ. ആംആദ്മി പാർട്ടി നേടിയ വൻവിജയത്തിൽ കെജ്‍രിവാളിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഹനുമാനിൽ വിശ്വസിക്കുന്നവർ അനു​ഗ്രഹിക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇപ്രകാരം ആവശ്യപ്പെട്ടത്. 

'ഹനുമാനിൽ വിശ്വസിക്കുന്നവർക്ക് തീർച്ചയായും അദ്ദേഹത്തിന്റെ അനു​ഗ്രഹമുണ്ടാകും. ദില്ലിയിലെ സ്കൂളുകളിലും കോളേജുകളിലും മദ്രസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാൻ സൂക്തങ്ങൾ പാരായണം നിർബന്ധിതമാക്കേണ്ട സമയമാണിത്. എന്തുകൊണ്ടാണ് ദില്ലിയിലെ കുട്ടികൾ ബജ്‍രം​ഗ്ബാലിയിൽ (ഹനുമാൻ) നിന്നും അദ്ദേഹത്തിന്റെ അനു​ഗ്രഹങ്ങളില്‍ നിന്നും അകന്ന് പോകുന്നത്?' ട്വിറ്റർ കുറിപ്പിൽ അദ്ദേഹം ചോദിച്ചു.

2015 മായി താരതമ്യപ്പെടുത്തുമ്പോൾ പാർട്ടിക്ക് വളരെ നല്ല പ്രകടനമാണ് ഈ തെര‍ഞ്ഞെടുപ്പിൽ നടത്താൻ സാധിച്ചതെന്നും വിജയവർ​ഗിയ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിക്ക്  ചരിത്രപരമായ വിജയം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച കൊണാട്ട് പ്ലേസിനടുത്തുള്ള ഒരു ഹനുമാൻ ക്ഷേത്രത്തിൽ അരവിന്ദ് കെജ്‌രിവാൾ എത്തിയിരുന്നു. കെജ്‌രിവാളിനൊപ്പം കുടുംബവും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉണ്ടായിരുന്നു.