ദില്ലി: നിർഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശർമ ജയിലിൽ വച്ച് സ്വയം മുറിവേൽപ്പിക്കുവാൻ ശ്രമിച്ചു. ഫെബ്രുവരി 16നായിരുന്നു സംഭവം . തല ചുവരിൽ ഇടിച്ചാണ് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചതെന്ന് തിഹാർ ജയിൽ അധികൃതർ വിശദമാക്കി. ഇയാള്‍ക്ക് ചെറിയ പരിക്കേറ്റുവെന്ന് ജയില്‍ അധികൃതര്‍. കൃത്യസമയത്ത് ഇയാളെ പിടിച്ച് മാറ്റിയതിനാല്‍ മറ്റ് പരിക്കുകള്‍ ഇല്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

വിനയ് ശര്‍മ നിരാഹാര സമരത്തിലാണെന്ന് ഇയാളുടെ അഭിഭാഷകര്‍ നേരത്തെ പറഞ്ഞിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ വധശിക്ഷ നടത്താന്‍ പാടില്ലെന്ന് നേരത്തെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മ്മയെ ശ്രദ്ധയോടെ നോക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടിരുന്നു.

2012 ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് പുതിയ മരണ വാറന്‍റ് ഇറക്കിയ ശേഷം മാര്‍ച്ച് 3 ന്  ശിക്ഷ നടപ്പിലാക്കാമെന്ന് ദില്ലി കോടതി പറഞ്ഞിരുന്നു. മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരെ മാര്‍ച്ച് 3 പുലര്‍ച്ചെ ആറ് മണിക്ക് തൂക്കിലേറ്റാണ് കോടതി വിധിച്ചിരിക്കുന്നത്. ഇത് മൂന്നാമത്തെ തവണയാണ് ഇവര്‍ക്കെതിരായി കോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്. കേസ് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും, വധശിക്ഷക്കെതിരെ കുറ്റവാളികളുടെ ബന്ധുക്കളും നേരത്തെ പട്യാല ഹൗസ് കോടതിക്ക് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു. 

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികൾ വഴിയിൽ തള്ളുകയായിരുന്നു. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.