ബംഗളുരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സിന് നേരെയാണ് ആക്രമണം.
ബെംഗളൂരൂ: ബംഗളുരുവിൽ കെഎസ്ആർടിസി ബസ്സിന് നേരെ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു സ്വിഫ്റ്റ് ഗജരാജ ബസ്സിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ബെംഗളുരു ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിന് അടുത്ത് വച്ച് രാത്രി 8 മണിയോടെ ആയിരുന്നു ആക്രമണം. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ബസ് നിർത്തിയിട്ടു. ബംഗളുരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സിന് നേരെയാണ് ആക്രമണം.
ഇന്ന് രാത്രി എട്ട് മണിയോട് കൂടിയാണ് ആക്രമണം ഉണ്ടായത്. ബംഗളൂരുവിൽ നിന്നും തിരുവനന്തപുരം കണിയാപുരത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിന് നേരെയാണ് ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണം ഉണ്ടായത്. ബൈക്കിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ചാണ് രണ്ട് യുവാക്കൾ ബസിന് നേരെ ആക്രമണം നടത്തിയത്. ബൈക്കിൽ പിന്തുടർന്ന് വന്ന് ആയിരുന്നു ആക്രമണം.
ബസിന്റെ മുൻവശത്തെ ചില്ല, ഹെഡ്‍ലൈറ്റുകൾ, വൈപ്പർ എന്നിവ യുവാക്കളുടെ ആക്രമണത്തിൽ തകർന്നു. രാത്രി 7 മണിക്കാണ് ബസ് പുറപ്പെട്ടത്. 39 യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബസ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ബസ് ഇപ്പോഴും നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർക്ക് വേണ്ടി മറ്റൊരു ബസ് ഏർപ്പാടാക്കി നൽകുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

