ദില്ലി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശിച്ച് കേന്ദ്രം. ഹാഥ്റസ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയ്തത്തിന്‍റേതാണ് നിര്‍ദ്ദേശം. ഹാഥ്റസ് കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം കര്‍ശന നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയത്.

പരാതി കിട്ടിയാല്‍ ഉടന്‍ കേസെടുക്കണം. പൊലീസ് സ്റ്റേഷന്‍ പരിധി പറഞ്ഞ് തള്ളിക്കളയരുത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വൈദ്യ പരിശോധന നടത്തണം, സാമ്പിള്‍ ശേഖരിക്കണം. മരണമൊഴി എടുക്കുന്നതില്‍ ഒരു വീഴ്ചയും സംഭവിക്കരുത്. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സംസ്ഥാനങ്ങള്‍ക്കയച്ച പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. 

അതേ സമയം ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് കുടംബത്തിന്‍റെയും, സാക്ഷികളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവം  നടക്കുമ്പോള്‍ വയലില്‍ മാറ്റാരുമില്ലായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ മൊഴി. എന്നാല്‍ പ്രതി സന്ദീപിനെ പെണ്‍കുട്ടിക്കൊപ്പം വയലില്‍ കണ്ടെന്നും,പുല്ല് പറിക്കാന്‍ വന്ന മറ്റ് നാല് പേര്‍ കൂടി വയലിലുണ്ടായിരുന്നുവെന്നുമാണ് സാക്ഷികളുടെ മൊഴി. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ദഹിപ്പിച്ച സംഭവത്തില്‍  സ്വമേധയായെടുത്ത കേസില്‍  തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചിന് മുന്‍പാകെ  ഹാജരാകാന്‍ കുടുംബത്തോട്  കോടതി നിര്‍ദ്ദേശിച്ചു.