Asianet News Malayalam

അക്രമം നിയന്ത്രിച്ചില്ല, ഉത്തരവാദിത്തം നിറവേറ്റിയില്ല; പശ്ചിമ ബം​ഗാൾ സർക്കാരിനെതിരെ ​ഗവർണർ

സംസ്ഥാനത്ത് അക്രമം നിയന്ത്രിക്കാനായില്ല. സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമം നടന്ന മേഖലകളിൽ നേരിട്ട് പോകുമെന്നും ഗവർണ്ണർ പറഞ്ഞു.

violence was not controlled governor jagdeep dankar against the west bengal government
Author
West Bengal, First Published May 10, 2021, 12:55 PM IST
  • Facebook
  • Twitter
  • Whatsapp

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന്റെ പേരിൽ മമതാ ബാനർജി സർക്കാരിനെതിരെ ​ഗവർണർ ജഗ്ദീപ് ദാൻകർ രം​ഗത്തെത്തി. സംസ്ഥാനത്ത് അക്രമം നിയന്ത്രിക്കാനായില്ല. സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് സംസ്ഥാനം നല്കിയിട്ടില്ല. ഗവർണ്ണർക്ക് വിശദീകരണം നല്കാനും ആദ്യം ഉദ്യോഗസ്ഥർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഗവർണ്ണർ ജഗ്ദീപ് ധൻകർ ഇന്ന് പരസ്യമായി രംഗത്തു വന്നത്. അക്രമങ്ങളുടെ കാഴ്ച ഖേദകരമാണ്. ഇത് നിയന്ത്രിക്കുന്നതിന് സംസ്ഥാനം നടപടി എടുത്തില്ല. സംസ്ഥാനസർക്കാർ ചുമതല നിറവേറ്റണം. അക്രമം നടന്ന സ്ഥലങ്ങൾ താൻ സന്ദർശിക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കി.

മമത ബാനർജി മന്ത്രിസഭയിലെ 43 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെയാണ് ഗവർണ്ണർ അതൃപ്തി അറിയിച്ചത്. 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരും 9 ഡെപ്യൂട്ടി മന്ത്രിമാരുമാണ് ചുമതലയേറ്റത്. അനാരോഗ്യം കാരണം മത്സരരംഗത്ത് നിന്ന് മാറി നിന്ന ധനമന്ത്രി അമിത് മിത്രയേയും മന്ത്രിസഭയിൽ നിലനിറുത്തി. 

അതേസമയം, ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങൾ സംബന്ധിച്ച ഹര്‍ജി കല്‍ക്കത്ത ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഘർഷങ്ങളെ കുറിച്ചുള്ള സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും സംഘര്‍ഷങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ  നിയോഗിക്കണമോയെന്നതിൽ കോടതി തീരുമാനം എടുക്കുക. ഇതിനിടെ തൃണമൂൽ കോൺഗ്രസ്  മുൻ മന്ത്രിമാരെ അഴിമതിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ   ഗവർണർ സിബിഐക്ക് അനുമതി നൽകി. ഭരണഘടനയുടെ 164 അനുച്ഛേദം അനുസരിച്ചാണ് നടപടിയെന്ന് രാജ്ഭവൻ വ്യക്തമാക്കി.

പശ്ചിമബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി. ഹൈക്കോടതി നിലവില്‍ വിഷയം പരിഗണിക്കുന്നതിനാല്‍ കാണാനികില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി ആദ്യം മറുപടി നൽകിയത്. ഭരണഘടന പദവിയിലിരിക്കുന്നയാള്‍ക്ക് വിവരം കൈമാറാനാകില്ലെന്നത് ഭരണഘടനേയും നിയമവാഴ്ചയേയും അവഹേളിക്കുന്നതാണെന്ന വിമര്‍ശനം ഗവ‍ർണര്‍ ഉയര്‍ത്തിയതോടെ  ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തി ​ഗവർണറെ കാണുകയായിരുന്നു. എന്നാൽ, രണ്ടുപേരും രാജ്ഭവനില്‍ എത്തിയത് ഒരു റിപ്പോര്‍ട്ടും കയ്യില്‍ ഇല്ലാതെയാണെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ഗവർണര്‍ ട്വിറ്ററില്‍ വെളിപ്പെടുത്തിയതും വിവാദമായി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios