2017 ൽ എയിംസിൽ എംപിമാരുടെ ശുപാർശ കത്തുമായി എത്തുന്ന രോഗികൾക്കായി പ്രത്യേക ചികിത്സാ സൌകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആ തീരുമാനം പിൻവലിച്ചു


ദില്ലി : എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന നൽകാനുള്ള ദില്ലി എയിംസിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാർഗ്ഗനിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ ഫൈമ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. സാധാരണക്കാരായ രോഗികളോട് കാണിക്കുന്ന അനീതിയാണെന്ന് മറ്റൊരു സംഘടനയായ ഫോഡയുടെ അധ്യക്ഷന്‍ അവിറൽ മധുർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഒരു എംപി ചികിത്സ തേടിയാല്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍ തന്നെ അഡ്മിഷന്‍ അടക്കമുളള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്.

ദില്ലി എയിംസിൽ ശസ്ത്രക്രിയ വിഭാഗത്തിലും, നാഡീശാസ്ത്ര വിഭാഗത്തിലുമൊക്കെ ചികിത്സയ്ക്കായി എത്തിയാൽ ബുക്ക് ചെയ്ത് കുറഞ്ഞത് അഞ്ചും ആറും മാസം കാത്തിരിക്കണം. അവിടെയാണ് എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന നൽകി എയിംസ് ഡയറക്ടർ എം ശ്രീനിവാസ് മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചികിത്സയ്ക്കായി എംപിമാരെത്തിയാല്‍ ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർ ബന്ധപ്പെട്ട വകുപ്പില്‍ അപ്പോയ്ന്‍റെമെന്‍റെടുത്ത് നല്‍കണം. കിടത്തി ചികിത്സിയെങ്കില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ സൂപ്രണ്ടിനെ അറിയിക്കണം.സൂപ്രണ്ട് മുഖേനെ ലോക്സഭ, രാജ്യസഭ സെക്രട്ടറിയേറ്റിലേക്ക് വിവരം നല്‍കും . സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന എംയിസിൽ ഇങ്ങനെയൊരു വിഐപി സംസ്കാരം ഏർപ്പെടുത്തുന്നതിനെയാണ് ഡോക്ടർമാരുടെ സംഘടനകൾ ചോദ്യം ചെയ്യുന്നത്.

2017 ൽ എയിംസിൽ എംപിമാരുടെ ശുപാർശ കത്തുമായി എത്തുന്ന രോഗികൾക്കായി പ്രത്യേക ചികിത്സാ സൌകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആ തീരുമാനം പിൻവലിച്ചു

പ്രശസ്ത ആരോഗ്യ വിദഗ്ധനായ രൺദീപ് ഗുലേറിയയ്ക്ക് പിന്നാലെ അടുത്തിടെയാണ് ഡോ. എം ശ്രീനിവാസ് ഡയറക്ടറായി എത്തിയത്. പുതിയ ഡയറക്ടറുടെ പരിഷ്കരണങ്ങളുടെ ഭാഗമാണ് എംപിമാർക്കുള്ള പ്രത്യേക ചികിത്സാ സൌകര്യം.

ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്ക് ചായ കൊടുക്കരുത്; സർക്കുലർ പുറത്തിറക്കി എയിംസ് ആശുപത്രി