ദില്ലി: പൗരത്യ ഭേദ​ഗതി നിയമത്തിനെതിരെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധിയുടെ നേതൃത്വത്തിൽ ദില്ലിയിലെ ഇന്ത്യാ ​ഗേറ്റിൽ സംഘടിപ്പിച്ച റാലിയിലേത് എന്ന പേരിൽ പ്രചരിച്ച ഫോട്ടോ വ്യാജമായി നിർമ്മിച്ചതെന്ന് വസ്തുതാ നിരീക്ഷണ വെബ്സൈറ്റായ ബൂംലൈവ് റിപ്പോർട്ട് ചെയ്യുന്നു. റാലിയിൽ സംബന്ധിക്കുന്ന വ്യക്തി ഉയർത്തിപ്പിടിച്ച പ്ലക്കാർഡിൽ 'പൗരത്വബിൽ പിൻവലിക്കുക, ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റുക' എന്നാണ് എഴുതിയിരിക്കുന്നത്. ഫോട്ടോയിൽ കാണുന്ന ഈ പ്ലക്കാർഡിൽ വാചകങ്ങൾ ഫോട്ടോഷോപ്പ് ഉപയോ​ഗിച്ച് ചേർത്തിരിക്കുകയാണെന്നും കോൺ​ഗ്രസ് പാർട്ടി മുസ്ലീം രാഷ്ട്രത്തിന് വേണ്ടി റാലി നടത്തുകയാണെന്ന തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണിതെന്നും ബൂംലൈവ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വാചകങ്ങൾ‌ ചുവന്ന വൃത്തത്തിനുള്ളിൽ അടയാളപ്പെടുത്തിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനൊപ്പം ചേർത്തിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്. 'എല്ലാ മോദിവിരുദ്ധ വ്യക്തികളോടും കൂടി പറയുന്നു. കണ്ണുകൾ തുറന്ന് ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന വാചകങ്ങൾ വായിച്ചു നോക്കൂ. കോൺ​ഗ്രസിന്റെയും മറ്റ് പ്രതിപക്ഷപാർട്ടികളുടെയും അജണ്ട എന്താണെന്ന് മനസ്സിലാകും. നിങ്ങൾക്ക് സൗജന്യമായി വൈദ്യുതിയും ജലവും ലഭിക്കുമെങ്കിൽ മുസ്ലീം ഭരണമായിരിക്കും തിരികെ വരുന്നത്.' 

എന്നാല്‍ ഈ പോസ്റ്ററിലെ യഥാർത്ഥ വാചകങ്ങൾ ഇപ്രകാരമാണ്, 'ലാത്തികളും ബുള്ളറ്റുകളുമല്ല, തൊഴിലും ഭക്ഷണവുമാണ് ആവശ്യം.' ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസ് യുകെ എന്ന ഫേസ്ബുക്ക് പേജിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. യഥാർത്ഥ പോസ്റ്ററും വ്യാജ പോസ്റ്ററും ചൂണ്ടിക്കാണിച്ചാണ് ബൂംലൈവ് സംഭവം സ്ഥിരികരിച്ചിട്ടുളളത്. അത്തരം പോസ്റ്ററുകൾ ഒന്നും തന്നെ ദില്ലിയിലെ റാലിയിൽ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ വ്യാജമാണെന്ന് കണ്ടെത്താൻ സാധിച്ചു എന്നുമാണ് ബൂംലൈവ് മാധ്യമത്തിന്റെ വിശദീകരണം.