രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ പടികളിറങ്ങാൻ കേന്ദ്രമന്ത്രി ജെ.പി. നദ്ദ സഹായിക്കുന്ന കാഴ്ചയ്ക്ക് രാജ്യസഭ സാക്ഷ്യം വഹിച്ചു.
ദില്ലി: രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറമുള്ള ഹൃദ്യമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് രാജ്യസഭ. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ പടികൾ ഇറങ്ങാൻ സഹായിക്കുന്ന കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുമ്പോഴും നേതാക്കൾക്കിടയിലുള്ള പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും നേർക്കാഴ്ചയായി രാജ്യസഭയിലെ ദൃശ്യങ്ങൾ മാറി.
ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാകാറുള്ള പാർലമെന്റിൽ രാഷ്ട്രീയത്തിനും പാർട്ടി താൽപ്പര്യങ്ങൾക്കും അപ്പുറം മാനുഷിക പരിഗണനകൾക്കാണ് മുൻഗണനയെന്ന് ഓർമ്മിപ്പിക്കുന്ന കാഴ്ചകളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. സഭയിലെ പടികളിലൂടെ 83-കാരനായ ഖാർഗെ പതുക്കെ ഇറങ്ങി വരുന്നത് കണ്ടപ്പോൾ നദ്ദ തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അരികിലേയ്ക്ക് വരികയായിരുന്നു. ഖാർഗെയ്ക്ക് പടികൾ ഇറങ്ങാൻ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ നദ്ദ അദ്ദേഹത്തിന്റെ കൈപിടിച്ച് പടികൾ ഇറങ്ങാൻ സഹായിച്ചു. തുടർന്ന് ഇരുനേതാക്കളും ചേർന്ന് മൂന്നാം തവണയും രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഹരിവംശിനെ അഭിനന്ദിക്കുകയും ചെയ്തു.
ജെ.പി നദ്ദയായിരുന്നു ഹരിവംശിനെ ഉപാധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് സഭ പ്രമേയം പാസാക്കിയത്. ഹരിവംശ് രാജ്യസഭയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നുവെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി രാധാകൃഷ്ണൻ അറിയിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ.പി. നദ്ദ, മല്ലികാർജുൻ ഖാർഗെ എന്നിവർ ചേർന്ന് കീഴ്വഴക്കമനുസരിച്ച് ഹരിവംശിനെ ഡയസിലേക്ക് ആനയിച്ചു. മുൻ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറുമായുള്ള ഹരിവംശിന്റെ ആത്മബന്ധത്തെയും സഭയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
മോദി-ഖാർഗെ സൗഹൃദ നിമിഷം
ഇക്കഴിഞ്ഞ ഏപ്രിൽ 14ന് ബി.ആർ. അംബേദ്കർ ജയന്തി ദിനത്തിൽ നടന്ന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മല്ലികാർജുൻ ഖാർഗെയും പാർലമെന്റിന് പുറത്തുവെച്ച് സൗഹൃദം പങ്കുവെച്ചിരുന്നു. വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച ഈ അപൂർവ നിമിഷത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറി. പ്രധാനമന്ത്രിയും മല്ലികാർജുൻ ഖാർഗെയും പരസ്പരം അഭിവാദ്യം ചെയ്യുന്നതും ലഘു സംഭാഷണത്തിനിടെ പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തുടങ്ങിയ പ്രമുഖ നേതാക്കളും ഈ സമയം അവിടെ ഉണ്ടായിരുന്നു.


