ദില്ലി: കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോയും വീഡിയോയുമുണ്ട്. ആളുകൾ തിങ്ങി നിറഞ്ഞ ഒരു ട്രക്കിനുളളിലേക്ക് പ്രയാസപ്പെട്ട് കയറാൻ ശ്രമിക്കുന്ന ഒരു പുരുഷൻ. ട്രക്കിന്റെ സൈഡിൽ കെട്ടിയ കയറിലാണ് അയാളുടെ ഒരു കൈ. മറുകയ്യിൽ ഏകദേശം രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞിനെ, അയാൾ തൂക്കിപ്പിടിച്ചിട്ടുണ്ട്. താഴെ റോഡിൽ, അയാളുടെ ഭാര്യയായിരിക്കാം, ട്രക്കിൽ കയറാൻ വേണ്ടി നിൽക്കുന്നുണ്ട്.  അടച്ചിട്ട രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും നാട് പിടിക്കാൻ ശ്രമിക്കുന്ന അതിഥി തൊഴിലാളികളുടെ ദയനീ‌യ ദൃശ്യങ്ങളാണിത്. ഛത്തീസ്​ഗണ്ഡ‍ിലാണിത് നടന്നത്. 

ഈ ചിത്രം ഉൾപ്പെട്ട പിന്നിലെ വീഡിയോ ദൃശ്യങ്ങളിൽ ഒരു കൈക്കുഞ്ഞിനെ ട്രക്കിന് മുകളിൽ നിൽക്കുന്ന ആൾ താഴെ നിന്ന് തൂക്കിയെടുക്കുന്നതും കാണാം. ട്രക്കിൽ കയറാൻ വേണ്ടി നിൽക്കുന്ന മിക്കവരുടെയും കൈകളിൽ കുഞ്ഞുങ്ങളുണ്ട്. 20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ മൂന്ന് കുഞ്ഞുങ്ങളെ ഇതുപോലെ കൈമാറുന്നത് കാണാം. സാരിയുടുത്ത ഒരു സ്ത്രീ വാഹനത്തിനുള്ളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നുണ്ട്. ഇവരിൽ മിക്കവരും തെലങ്കാനയിൽ നിന്നുള്ളവരാണെന്ന് എൻഡിടിവി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന ഇടങ്ങളിൽ തുടരാൻ മാർ​ഗങ്ങളൊന്നുമില്ലാതെ ഇവർ‌ എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള തത്രപ്പാടിലാണ്. 

"

അതേ സമയം കേന്ദ്രസർക്കാരിന്റെ പ്രത്യേക ട്രെയിൻ സർവ്വീസിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് അറിയില്ല എന്നാണ് ഇവർ നൽകിയ മറുപടി. ഇവർക്ക് നാട്ടിലെത്താൻ മറ്റ് ​ഗതാ​ഗത സൗകര്യങ്ങളൊന്നും തന്നെയില്ല. ഇവരെപ്പോലെയുള്ളവർക്ക് പ്രത്യേക ബസ് സർവ്വീസ് സജ്ജീകരിക്കണം. ഞാൻ ​ഗതാ​ഗത വകുപ്പിലെ ഉദ്യോ​ഗസ്ഥനാണെങ്കിലും ഇവർക്ക് ​ഗതാ​ഗത സൗകര്യം ലഭ്യമാക്കാനുള്ള അധികാരം എനിക്കില്ല.ഇവരുടെ ദുരിതം കണ്ട് ട്രക്കിന് സമീപത്ത് നിന്നിരുന്ന ​ഗതാ​ഗത വകുപ്പിലെ ഉദ്യോ​ഗസ്ഥന്റെ വാക്കുകൾ ഇപ്രകാരമാണ്. 

മാർച്ച് അവസാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ വൻന​ഗരത്തിൽ നിന്ന് ​ഗ്രാമീണരായ അതിഥി തൊഴിലാളികൾ തങ്ങളുടെ വീടുകളിലേക്ക് തിരികെ പോകാൻ ആരംഭിച്ചിരുന്നു. നൂറ് കണക്കിന് കിലോമീറ്റർ നടന്നാണ് പലരും നാടുപിടിക്കുന്നത്. ഇവരിൽ ചിലർ പകുതി വഴിയിൽ എത്തിയപ്പോഴേയ്ക്കും മരിച്ചുപോയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എപ്പോൾ എത്തുമെന്നോ എങ്ങനെ പോകുമെന്നോ നിശ്ചയമില്ലാതെ, ജീവൻ മാത്രം കൈമുതലാക്കി ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ദിനംപ്രതി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നത്.