മുംബൈ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ബിജെപി എംപി വീരേന്ദ്ര സിം​ഗ്. കുര്‍ത്തയും മുണ്ടും ധരിക്കുന്നതിന് പകരം ജനങ്ങള്‍ ഇപ്പോഴും കോട്ടും ജാക്കറ്റുമാണല്ലോ ധരിക്കുന്നതെന്ന് വീരേന്ദ്ര സിംഗ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പൊതുജനറാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു വീരേന്ദ്ര സിംഗിന്റെ വിചിത്രവാദം.

"ദില്ലിയിലും ലോകത്തുടനീളവും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ് ചർച്ച നടക്കുന്നത്. എന്തെങ്കിലും മാന്ദ്യമുണ്ടായിരുന്നെങ്കിൽ, നമ്മള്‍ കുര്‍ത്തയും മുണ്ടുമാണ് ധരിക്കേണ്ടത്. അല്ലാതെ കോട്ടും ജാക്കറ്റുമല്ല. സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നെങ്കിൽ നമ്മൾ വസ്ത്രങ്ങൾ വാങ്ങുമായിരുന്നില്ല"- വിരേന്ദ്ര സിംഗ് പറഞ്ഞു.

ഇത് ആദ്യമായല്ല രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന പ്രസ്താവനകൾ വിരേന്ദ്ര സിംഗ് ഉയർത്തുന്നത്. നേരത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ വളര്‍ച്ചക്കുളള ഉദാഹരണമാണ് ട്രാഫിക് ജാം എന്ന് വിരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഇടിവുണ്ടെങ്കില്‍ എങ്ങനെയാണ് റോഡുകളില്‍ ട്രാഫിക് ജാം അനുഭവപ്പെടുന്നത്.  രാജ്യത്തെയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ജനങ്ങള്‍ പറയുന്നതാണ് ഇതെന്നായിരുന്നു വിരേന്ദ്ര സിംഗ് പറഞ്ഞിരുന്നത്.

Read Also: സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കുറയുന്നു, യുവാക്കളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം; അന്താരാഷ്ട്ര നാണയ നിധി പറയുന്നു