Asianet News MalayalamAsianet News Malayalam

ലഡാക്കിൽ മിന്നൽ സന്ദർശനം, പിന്നാലെ മന്ത്രിതലയോഗം വിളിച്ച് മോദി, അണിയറയിൽ എന്ത്?

തീർത്തും അപ്രതീക്ഷിതമായാണ് ലഡാക്കിലെ ലേയിലുള്ള സൈനികക്യാമ്പിൽ സംയുക്തസൈനികമേധാവി ബിപിൻ റാവത്തും കരസേനാമേധാവി എം എം നരവനെയ്ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. കര, വ്യോമസേനകളുടെയും ഐടിബിപിയുടെയും സംയുക്തയോഗത്തിലും മോദി പങ്കെടുത്തു. 

visit at ladakh then ministerial meeting called big moves in delhi
Author
Ladakh, First Published Jul 3, 2020, 1:17 PM IST
  • Facebook
  • Twitter
  • Whatsapp

ശ്രീനഗർ: ലഡാക്കിൽ മിന്നൽ സന്ദർശനം നടത്തിയതിന് പിന്നാലെ വൈകിട്ട് മുതിർന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധ, ആഭ്യന്തരമന്ത്രിമാരടക്കമുള്ളവർ ഉന്നതതലയോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. രാവിലെ തീർത്തും അപ്രതീക്ഷിതമായാണ് ലഡാക്കിലെ ലേയിലുള്ള സൈനികക്യാമ്പിൽ സംയുക്തസൈനികമേധാവി ബിപിൻ റാവത്തും കരസേനാമേധാവി എം എം നരവനെയ്ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. കര, വ്യോമസേനകളുടെയും ഐടിബിപിയുടെയും സംയുക്തയോഗത്തിൽ പങ്കെടുക്കുകയാണ് മോദി ഇപ്പോൾ.

ലഡാക്കിൽ നിലവിലുള്ള സുരക്ഷാസ്ഥിതി വിലയിരുത്താനും, ഒപ്പം, ചൈനയുമായുള്ള കമാൻഡർ തല ചർച്ചകൾ പുരോഗമിക്കുന്നതിനെക്കുറിച്ച് നേരിട്ട് അറിയാനുമാണ് പ്രധാനമന്ത്രി അതിർത്തിയിലെത്തിയത്. ഇന്ത്യ - ചൈന അതിർത്തി സംഘർഷത്തിൽ ചൈനീസ് സൈന്യത്തിലെ എത്ര പേർ മരിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരം പോലും ചൈന പുറത്തുവിടാതിരിക്കുമ്പോൾ ലഡാക്കിൽ മോദി നേരിട്ട് സന്ദർശനം നടത്തി പരിക്കേറ്റ ജവാൻമാരെയും അതിർത്തിയിൽ ഡ്യൂട്ടിയിലുള്ള സൈനികരെയും കാണുന്നത് സൈന്യത്തിന് വലിയ ഊർജം പകരുന്ന നടപടിയാണ്.

രാവിലെയാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിമുവിലാണ് പ്രധാനമന്ത്രി ഇപ്പോൾ. സൻസ്കാർ മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന, സിന്ധുനദീതടത്തിന് സമീപത്തുള്ള നിമുവെന്ന പ്രവിശ്യ, ഇന്ത്യ - ചൈന അതിർത്തിയിലെ ഏറ്റവും പരുക്കൻ ഭൂമിശാസ്ത്രസവിശേഷതകളുള്ള പ്രദേശം കൂടിയാണ്. 11000 അടി ഉയരത്തിലുള്ള സേനാ ബെയ്സിൽ വടക്കൻ കമാൻഡ് മേധാവി ലഫ്റ്റനൻറ് ജനറൽ വൈ കെ ജോഷി, ഫോർട്ടീൻ കോർ കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗ് എന്നിവർ മോദിയോട് അതിർത്തിയിലെ സാഹചര്യം വിശദീകരിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്, ഐടിബിപിയുടെയും ജവാൻമാരെ മോദി ഇവിടെ വച്ച് കണ്ടു. 

PM Modi in Leh, Ladakh images: Amidst India-China standoff, PM ...

നേരത്തേ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സന്ദർശനം മാറ്റി വച്ചു. ജൂൺ 30-ന് അടക്കം മൂന്ന് തവണ നടന്ന ഇന്ത്യ - ചൈന സൈനികതല ചർച്ചകളിൽ രൂപീകരിച്ച ധാരണ ചൈന പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് മാത്രം ലഡാക്കിലെത്തിയാൽ മതിയെന്നാണ് പ്രതിരോധമന്ത്രിയുടെ തീരുമാനമെന്നാണ് നേരത്തേ സൈനികവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ യാത്ര സർക്കാർ രഹസ്യമാക്കി വച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം സൈന്യത്തിന്‍റെ മനോബലവും ധൈര്യവും കൂട്ടിയെന്നും, അതിന് സല്യൂട്ടെന്നും പ്രതിരോധമന്ത്രിയുടെ ട്വീറ്റ്. ജവാൻമാർക്ക് കരുത്ത് പകരുന്ന പ്രധാനമന്ത്രിയുടെ നടപടിയിൽ രാജ്യം അഭിമാനിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെ പ്രതികരണം. 

അതിർത്തിയിൽ നിന്ന് ഘട്ടം ഘട്ടമായി പിൻമാറും എന്നാണ് കഴിഞ്ഞ ദിവസത്തെ സൈനികകമാൻഡർ തലചർച്ചയിലുണ്ടാക്കിയ ധാരണ. ചൈന നാലു പോയിന്‍റുകളിൽ സൈനികരുടെ എണ്ണം കുറച്ചിട്ടുണ്ട്. എന്നാൽ സമ്പൂർണപിൻമാറ്റത്തിന് സമയം എടുക്കും എന്ന സൂചനയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ സേനയ്ക്കൊപ്പം ഉറച്ചു നിൽക്കുന്നു എന്ന സന്ദേശം മോദി നൽകുന്നു. അതിർത്തിയിലെ സങ്കീർണാവസ്ഥ മോദി നേരിട്ട് വിലയിരുത്തിയ സാഹചര്യത്തിൽക്കൂടിയാണ് വൈകിട്ട് ദില്ലിയിലെത്തിയ ശേഷം സുരക്ഷ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയിലെ അംഗങ്ങളുടെ യോഗം പ്രധാനമന്ത്രി വിളിച്ചു ചേർത്തത്. ഇതിലെ തീരുമാനമെന്താകും എന്നത് കാത്തിരുന്ന് അറിയാം.

Follow Us:
Download App:
  • android
  • ios