Asianet News MalayalamAsianet News Malayalam

വികെ ശശികല ആശുപത്രി വിട്ടു; ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും, പിന്നെ തെരഞ്ഞെടുപ്പ് കളത്തിലേക്ക്

ബുധനാഴ്ചയോടെ തമിഴ്നാട്ടിലേക്ക് തിരിക്കുമെന്നാണ് അണികൾ അറിയിച്ചത്. ശശികലയ്ക്ക് ഇന്ന് ആശുപത്രി വിടാമെന്ന് ആശുപത്രി സൂപ്രണ്ട് രാവിലെ വ്യക്തമാക്കിയിരുന്നു

VK Sasikala left hospital
Author
Bengaluru, First Published Jan 31, 2021, 1:12 PM IST

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ആശുപത്രി വിട്ടു. ജയിൽവാസത്തിനും കൊവിഡ് ബാധയെ തുടർന്നുള്ള ഇടവേളയും അടക്കം നാല് വർഷത്തിന് ശേഷമാണ് ഇവർ സ്വതന്ത്രയാവുന്നത്. ഇനി ഒരാഴ്ച കൊവിഡ് നിരീക്ഷണത്തിൽ കഴിയും. പിന്നീട് തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ ചർച്ചകളിലേക്കും പ്രചാരണത്തിലേക്കും കടക്കും.

ബുധനാഴ്ചയോടെ തമിഴ്നാട്ടിലേക്ക് തിരിക്കുമെന്നാണ് അണികൾ അറിയിച്ചത്. ശശികലയ്ക്ക് ഇന്ന് ആശുപത്രി വിടാമെന്ന് ആശുപത്രി സൂപ്രണ്ട് രാവിലെ വ്യക്തമാക്കിയിരുന്നു. ഇനിയും ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. എപ്പോൾ പോകാമെന്നത് ശശികലയ്ക്ക് തീരുമാനിക്കാം.

അതേസമയം ശശികലയെ പിന്തുണക്കുന്നവരെ പുറത്താക്കുമെന്ന് മുന്നറിയിപ്പുമായി എടപ്പാടി പളനിസ്വാമി രംഗത്ത് വന്നു. ശശികലയെ അനുകൂലിച്ച മൂന്ന് ജില്ലാസെക്രട്ടറിമാരെ നേരത്തെ പുറത്താക്കിയിരുന്നു. ശശികലയുടെ ജയിൽ മോചനത്തിന് പിന്നാലെ അണ്ണാഡിഎംകെയില്‍ പോരും പൊട്ടിത്തെറിയും കനക്കുകയാണ്. അണ്ണാ ഡിഎംകെ വീണ്ടെടുക്കുമെന്ന് ശശികല പക്ഷം ആവർത്തിക്കുന്നതിനിടെ വഞ്ചകരെ പുത്താക്കി പാർട്ടിയെ വീണ്ടെടുക്കുമെന്ന് ശശികല പക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.

ജയലളിത വളർത്തിയ പാർട്ടിയെ  വിശ്വസ്തർ ചതിച്ചു. വഞ്ചകരെ പുറത്താക്കി പാർട്ടിയെ വീണ്ടെടുക്കും. അതിന് ജനം ഒപ്പമുണ്ടാകണം. ധാർമികതയുടെ വീണ്ടെടുപ്പിന് സമയമായെന്നുമാണ് ശശികല പക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിലെ ലേഖനത്തിൽ പറയുന്നത്. ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടും ആശംസ അറിയിച്ചും ഒപിഎസ് വിഭാഗ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നീക്കത്തിന് പിന്നില്‍ പനീര്‍സെല്‍വത്തിന്റെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ച് പിന്നാലെ  മുഖ്യമന്ത്രി എടപ്പാടി പളനിസാമി അനുകൂലികളും രംഗത്തെത്തി. ഇതോടെയാണ് അണ്ണാഡിഎംകെയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നത്. 

Follow Us:
Download App:
  • android
  • ios