ചെന്നൈ: ഇവിഎം മെഷീനില്‍ തിരിമറികള്‍ നടന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നല്‍കുമെന്നും അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരന്‍. 'ഇലക്ഷന്‍ ഫലം ഞെട്ടിക്കുന്നതാണ്. പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഒരുപാട് പേര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. എന്നാല്‍ ആ വോട്ടുകളൊന്നും രേഖപ്പെടുത്തിയതായി കാണുന്നില്ല, വിചിത്രമാണിത്'.

ഇത് തെളിയിക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ദിനകരന്‍ വ്യക്തമാക്കി. തമിഴ്നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭകളിലേക്കുള്ള ഉപതെരഞ്ഞടുപ്പിലും വലിയ പരാജയമാണ്  അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന് നേരിടേണ്ടി വന്നത്. അതേ സമയം ഡിഎംകെ ഉള്‍പ്പെടുന്ന യുപിഎ മുന്നണി വലിയ വിജയം സ്വന്തമാക്കുകയും ചെയ്തു.  39 സീറ്റുകളില്‍ 37 സീറ്റുകളാണ് മുന്നണി നേടിയത്.

ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന് അഞ്ച് ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറിനടന്നുവെന്ന പരാതിയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി ഉര്‍മ്മിള മണ്ഡോദ്ക്കറും തിരിമറി ആരോപണവുമായി രംഗത്തെത്തിയിരുന്നു.