അസമിൽ ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് 126 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങും, വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്.
ദിസ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് 126 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങും, വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. രണ്ടര കോടിയോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഒന്നേകാൽ കോടി വോട്ടർമാർ സ്ത്രീകളാണ്. 6.42 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി നയിക്കുന്ന എൻഡിഎയും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണിയും നേർക്കുനേർ പോരാട്ടമാണ്. ആകെ 722 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 31,490 പോളിംഗ് സ്റ്റേഷനുകളാണ് 35 ജില്ലകളിലായുള്ളത്. പ്രശ്ന ബാധിത ബൂത്തുകളിൽ സുരക്ഷ വിന്യാസം ശക്തമാക്കി. 2016 മുതൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി മൂന്നാം തവണയും ഭരണ തുടർച്ച ലക്ഷ്യമിടുമ്പോൾ ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഭൂരിഭാഗം സർവേകളും ഭരണ തുടർച്ചയാണ് സംസ്ഥാനത്ത് പ്രവചിച്ചത്.

