പാലക്കാട് തൃത്താലയിലെ തിരഞ്ഞെടുപ്പിന് ശേഷം ഫേസ്ബുക്കിലെ രാഷ്ട്രീയ യുദ്ധം അവസാനിപ്പിച്ച് എം.ബി. രാജേഷും വി.ടി. ബൽറാമും. താൻ തുടങ്ങിയ വികസന പദ്ധതികൾ പൂർത്തിയാക്കണമെന്ന രാജേഷിന്റെ അഭ്യർത്ഥനയെ സ്വാഗതം ചെയ്ത ബൽറാം, തൃത്താലയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പുനൽകി.
പാലക്കാട്: തുടർച്ചയായ ഫേസ്ബുക് യുദ്ധത്തിനൊടുവിൽ ഫ്രണ്ട്ഷിപ്പ് മോഡിൽ എംബി രാജേഷും വി. ടി. ബൽറാമും. പരസ്പരം അഭിവാദ്യം ചെയ്ത് ഫേസ്ബുക് പോസ്റ്റ്. താൻ തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ ബൽറാം പൂർത്തിയാക്കണമെന്ന അഭ്യർഥനയുമായി രാജേഷ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉറപ്പു നൽകി ബൽറാം രംഗത്തെത്തിയത്. നേരിൽ കണ്ട് നിലവിലെ വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാമെന്നും ബൽറാം പറഞ്ഞു.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
എനിക്ക് നൽകുന്ന അഭിനന്ദനങ്ങൾക്കും ആശംസകൾക്കും ആത്മാർത്ഥമായ നന്ദി. താങ്കളുടെ കാലത്ത് തുടങ്ങിവച്ച് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുക എന്നത് എൻ്റെയും മുൻഗണനയാണ്. അതിനായി താങ്കൾ വാഗ്ദാനം ചെയ്യുന്ന ക്രിയാത്മക പിന്തുണയെ നന്ദിപൂർവ്വം സ്വീകരിക്കുന്നു. ഒരു ജനപ്രതിനിധി തുടങ്ങിവച്ചു എന്നതിൻ്റെ പേരിൽ അടുത്ത അഞ്ചു വർഷവും അത് പൂർത്തീകരിക്കാൻ അനുവദിക്കാത്ത നിഷേധാത്മക സമീപനം നാടിന് ഗുണകരമല്ലല്ലോ. താങ്കളുടെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളുടേയും ക്രിയാത്മക പിന്തുണ ഇക്കാര്യത്തിൽ ഞാൻ അഭ്യർത്ഥിക്കുന്നു.
അനാരോഗ്യത്തിൽ നിന്ന് എത്രയും വേഗം പൂർണ്ണ വിമുക്തി നേടി പൊതുരംഗത്ത് സജീവമാകാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. താങ്കൾക്ക് വേണ്ടി എൽഡിഎഫിന് വോട്ട് രേഖപ്പെടുത്തിയ 68041 വോട്ടർമാരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അതോടൊപ്പം മറ്റ് എതിർ സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്തവർക്കും എൻ്റെ അഭിവാദനങ്ങൾ. ഇനി മുതൽ അവരുടെ കൂടി പ്രതിനിധിയായി ഞാൻ അവർക്കെല്ലാമൊപ്പം ഉണ്ടാകും എന്നും ഉറപ്പുനൽകുന്നു.
റോഡുകളുടെ ശോച്യാവസ്ഥ കഴിഞ്ഞ നാലര വർഷവും തൃത്താലക്കാരുടെ ഏറ്റവും വലിയ ദുരിതമായിരുന്നു. ഇപ്പോൾ പല ഘട്ടങ്ങളിൽ നിർമ്മാണമിഴഞ്ഞു നീങ്ങുന്ന എല്ലാ പ്രവൃത്തികളും നമുക്ക് എത്രയും വേഗം പൂർത്തീകരിക്കേണ്ടതുണ്ട്. ഏകപക്ഷീയമായും ജനാധിപത്യവിരുദ്ധമായും അടിച്ചേൽപ്പിക്കാൻ നോക്കിയതിലൂടെ വലിയ വിമർശനങ്ങൾക്കിടവരുത്തിയിട്ടുള്ള ചില പദ്ധതികൾ പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തീകരിക്കാത്ത സുശീലപ്പടി മേൽപ്പാലവും സർക്കാരിൻ്റെ അജണ്ടയിൽ നിന്ന് തന്നെ പുറത്തുപോയ കരിയന്നൂർ മേൽപ്പാലവും നമുക്ക് നേടിയെടുത്ത് നടപ്പാക്കേണ്ടതുണ്ട്. കിടത്തിച്ചികിത്സക്ക് സൗകര്യമില്ലാതെ കുടുംബാരോഗ്യ കേന്ദ്രമായി മാത്രം തുടരുന്ന തൃത്താല ആശുപത്രിയെ CHC തലത്തിലേക്ക് ഉയർത്തി ആവശ്യമായ സ്റ്റാഫ് പാറ്റേൺ നേടിയെടുക്കണം.
ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൻ്റെ അംഗീകാരമടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി നഴ്‌സിംഗ് കോളേജ് ഇപ്പോഴത്തെ സ്വപ്നാവസ്ഥയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാനും ഞാൻ പരമാവധി ശ്രമിക്കാം. സുസ്ഥിര വികസനത്തിൻ്റെ എല്ലാ സങ്കൽപ്പങ്ങളേയും അട്ടിമറിക്കുന്ന വ്യാപകമായ പ്രകൃതി ചൂഷണമാണ് കഴിഞ്ഞ അഞ്ച് വർഷം തൃത്താലയിലുടനീളം കാണാൻ കഴിഞ്ഞത്. എല്ലാ കുന്നുകളും ഇടിച്ചുനിരത്തപ്പെട്ട ഇന്നത്തെ അവസ്ഥക്ക് ഇനി ഏത് നിലയിലാണ് പരിഹാരമുണ്ടാക്കുക എന്ന നിസ്സഹായാവസ്ഥയിലാണ് ഞാൻ. ഭാവിയിലെങ്കിലും ജാഗ്രത പാലിക്കുക എന്നത് മാത്രമാണ് ഞാൻ മുന്നിൽ കാണുന്ന വഴി.
ഞാൻ മുൻപ് എംഎൽഎ ആയിരുന്നപ്പോൾ വിദ്യാദ്യാസ മേഖലയിൽ 'സ്മൈൽ തൃത്താല' എന്ന പേരിൽ സമഗ്രമായ ചില ഇടപടലുകൾക്ക് സാധിച്ചിരുന്നു. താങ്കളുടെ കാലത്ത് എൻലൈറ്റ് തൃത്താല എന്ന പേരിൽ നടത്തിപ്പോന്ന പ്രവർത്തനങ്ങളിലെ നല്ല കാര്യങ്ങൾക്ക് തുടർച്ചയുണ്ടാവുമന്ന് ഞാൻ ഉറപ്പുതരുന്നു. സ്‌കോളർഷിപ്പ് നൽകലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കലുമൊക്കെ ഇനിയും നമുക്ക് തൃത്താലയിൽ നടത്താവുന്നതാണ്. അക്കാര്യത്തിലും താങ്കളുടെയും സഹപ്രവർത്തകരുടേയും അനുഭവസമ്പത്ത് ഞങ്ങൾക്കൊപ്പമുണ്ടാവണം.
"എല്ലാവരുടെയും ജനപ്രതിനിധിയായി,പ്രതിപക്ഷ ബഹുമാനത്തോടെ പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും എല്ലാവരോടും ആദരവു പുലർത്തിയിട്ടുണ്ട്. " എന്നുള്ള താങ്കളുടെ അവകാശവാദത്തോടും രാഷ്‌ട്രീയപരമായ മറ്റ് പരാമർശങ്ങളോടും ഞാൻ ഈ ഘട്ടത്തിൽ പ്രതികരിക്കുന്നില്ല. അതിൻ്റെയൊക്കെ ആകത്തുകയാണല്ലോ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വിധിയെഴുത്ത്. തൃത്താലയുടെ വികസന കാര്യങ്ങളേക്കുറിച്ച് മാത്രമാണ് ഇപ്പോൾ എൻ്റെ ചിന്ത. അക്കാര്യത്തിൽ താങ്കൾ വാഗ്ദാനം ചെയ്യുന്ന പിന്തുണക്ക് ഒരിക്കൽക്കൂടി നന്ദി പറയുന്നു.
താങ്കളുടെ തിരക്കുകൾക്കിടയിൽ സമയം അനുവദിക്കുകയാണെങ്കിൽ നേരിൽക്കണ്ട് നിലവിലെ വികസന പദ്ധതികളുടെ വിശദാംശങ്ങൾ അറിയാനും ചർച്ച ചെയ്യാനും താത്പര്യമുണ്ട്. അധികം വൈകാതെ അതിനുള്ള അവസരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
