Asianet News MalayalamAsianet News Malayalam

ബാങ്കിൽ കയറി ആളൊഴിയുന്നത് വരെ കാത്തിരുന്നു, കൈയിലൊരു കത്തി മാത്രം; ബഹളമൊന്നുമുണ്ടാക്കാതെ കൊണ്ടുപോയത് ലക്ഷങ്ങൾ

ഏറെ നേരം കാത്തുനിന്ന് ആളുകളെല്ലാം പോയ ശേഷമാണ് മോഷണം തുടങ്ങിയത്. ക്യൂബിക്കിളിൽ കയറാതെ തടയാൻ ജീവനക്കാരി ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തിയതോടെ പിന്മാറി.

waited in the bank till all people leave and then robbed lakhs without any fuss afe
Author
First Published Feb 3, 2024, 1:19 AM IST

ലക്നൗ: ബാങ്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി എട്ടര ലക്ഷത്തിലധികം രൂപ കവര്‍ന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള പ്രഥമ യുപി ഗ്രാമീൺ ബാങ്ക് ശാഖയിലായിരുന്നു സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങളെല്ലാം ബാങ്കിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

ഹെൽമറ്റ് ധരിച്ചെത്തിയ വ്യക്തി ഏറെ നേരം ക്യാഷറുടെ കൗണ്ടറിന് പുറത്ത് കാത്തു നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് നേരെ ക്യാഷ് കൗണ്ടറിന് അകത്തേക്ക് കയറി. കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരി ഇയാൾ ക്യൂബിക്കിളിൽ കയറുന്നത് തടയാൻ ശ്രമിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്തു. കത്തി ജീവനക്കാരിയുടെ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തിയതോടെ അവര്‍ വഴങ്ങി. മോഷ്ടാവ് ആവശ്യപ്പെട്ടത് അനുസരിച്ച് പിന്നീട് ക്യാഷ്യർ തന്നെ പണമെല്ലാം എടുത്ത് ഇയാളുടെ ബാഗിൽ ഇട്ടുകൊടുക്കുകയായിരുന്നു. അധികം ബഹളമൊന്നും ഉണ്ടാക്കാതെ ഇയാൾ ബാങ്കിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യുന്നു.

നഗരത്തിലെ വിഐപി ഏരിയയിലുള്ള ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. മോഷ്ടാവ് സ്ഥലംവിട്ടയുടൻ മാനേജർ പൊലീസിനെ വിവരമറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് ജീവനക്കാരെയും ചോദ്യം ചെയ്തു. മോഷ്ടാവിനെ കണ്ടെത്താൻ അഞ്ച് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.15നാണ് മോഷണം സംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഹെൽമറ്റ് ധരിച്ചുകൊണ്ട് ബാങ്കിനുള്ളിൽ കയറിയ മോഷ്ടാവ് ആളുകള്‍ എല്ലാം ഒഴിയുന്നതിനായി 20 മിനിറ്റോളം കാത്തിരുന്ന ശേഷമാണ് മോഷണം ആരംഭിച്ചത്. പുറത്തിറങ്ങി ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios