ജമ്മുകശ്മീര്‍: നീറ്റ് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുൽവാമ ഭീകരാക്രമണക്കേസ് പ്രതി നൽകിയ ജാമ്യാപേക്ഷ ജമ്മു എൻ ഐ എ കോടതി തള്ളി. 20കാരനായ വൈസ് ഉൾ ഇസ്ലാമിന്റെ ഹർജിയാണ് തള്ളിയത്. പരീക്ഷാ കേന്ദ്രമായ ജമ്മുവിൽ പ്രത്യേക സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതി രക്ഷപെടാനുള്ള സാധ്യതയുണ്ടെന്നുമുള്ള എൻ ഐ എയുടെ വാദം കോടതി അംഗീകരിച്ചു. പുൽവാമ ഭീകരാക്രമണക്കേസിലെ 19 പ്രതികളിൽ ഒരാളാണ് വൈസ് ഉൾ ഇസ്ലാം. സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ തീരുമാനിച്ചിട്ടുള്ളത്.

വൈസ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നത് ശ്രീനഗറാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. 2019 ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടന്നതില്‍ പ്രധാന പങ്കാണ് വൈസില്‍ ആരോപിച്ചിട്ടുള്ളത്. ജെയ്ഷെ മുഹമ്മദുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്താനായി സ്ഫോടന വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തത് വൈസാണെന്നാണ് എഎന്‍ഐ വിശദമാക്കുന്നത്. കേസില്‍ 13500 പേജുകളുള്ള കുറ്റപത്രമാണ് എന്‍ഐഎ ഓഗസ്റ്റ് 25 ന് സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ 19 പേരുകളില്‍ 7 പേരാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്. 7 പേരെ സേന വധിച്ചുവെന്നാണ് വിവരം. അഞ്ച് പേര്‍ പാകിസ്ഥാനിലാണെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. 

കുറ്റപത്രത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ അഹ്മദ്ർ അടക്കം 19 പേരെയാണ് പ്രതി ചേർത്തിയിട്ടുള്ളത്. ജെയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, സഹോദരൻ റഫു അസ്ഹര്‍ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്‍റെ പങ്കിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണമാരംഭിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജൻസി കേസിൽ കുറ്റപ്പത്രം സമർപ്പിക്കുന്നത്.