Asianet News MalayalamAsianet News Malayalam

നിർണായക മാറ്റങ്ങളുള്ള വഖഫ് നിയമഭേദഗതി ബിൽ എല്ലാ എംപിമാർക്ക് വിതരണം ചെയ്തു; അവതരണം ഇന്നത്തെ അജണ്ടയിലില്ല

പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം ബില്‍ സൂക്ഷ്മ പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

Waqf Amendment Bill with critical changes circulated to all MPs loksabha presentation is not on today agenda
Author
First Published Aug 8, 2024, 12:57 AM IST | Last Updated Aug 8, 2024, 12:57 AM IST

ദില്ലി: പാര്‍ലമെന്‍റ് സമ്മേളനം ഇന്നും തുടരുമ്പോൾ വഖഫ് നിയമഭേദഗതി ബിൽ എപ്പോൾ അവതരിപ്പിക്കും എന്നതിൽ വ്യക്തയായിട്ടില്ല. വഖഫ് നിയമഭേദഗതി ബില്ലിന്‍റെ പകര്‍പ്പ് എം പിമാര്‍ക്ക് വിതരണം ചെയ്തതിനാല്‍ ബില്ല് അവതരണം വൈകാതെ നടക്കുമെന്ന് മാത്രമാണ് സൂചന. എന്നാൽ ഇന്നത്തെ അജണ്ടയില്‍ വഖഫ് നിയമഭേദഗതി ബിൽ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാൽ ഇന്ന് 'വഖഫ്' അവതരണം ഉണ്ടാകാൻ സാധ്യത കുറവാണ്. ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിന്മേലാകും ലോക് സഭയില്‍ ഇന്ന് പ്രധാനമായും ചര്‍ച്ച നടക്കുക. പാരിസ് ഒളിംപിക്സിൽ വിനിഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വിഷയവും പാർലമെന്‍റിൽ ഉയർന്നേക്കാം.

വഖഫ് നിയമഭേദഗതി ബില്ലിലെ വിശദാംശങ്ങളും പ്രതിഷേധവും ഇങ്ങനെ

മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കംനാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന സൂചനകള്‍ ശക്തമാകുമ്പോള്‍, പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം ബില്‍ സൂക്ഷ്മ പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വഖഫ് കൗണ്‍സിലിന്‍റെയും ബോര്‍ഡുകളുടെയും അധികാരം വെട്ടിക്കുറച്ച് പുതിയ ബില്ലാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. വഖഫ് സ്വത്തുക്കളില്‍ ഇനി മുതല്‍ സര്‍ക്കാരിന്‍റെ നിയന്ത്രണവും ഉറപ്പ് വരുത്തിയാണ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ നീക്കം. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. തര്‍ക്ക സ്വത്തുക്കളിലും സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. വഖഫിന്‍റെ സ്വത്തുക്കള്‍ രജിസ്ട്രര്‍ ചെയ്യാനായി പോര്‍ട്ടല്‍ നിലവില്‍ വരും. റവന്യൂ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചേ സ്വത്തുക്കള്‍ വഖഫിലേക്ക് മാറ്റാനാകൂ. പോര്‍ട്ടലിനൊപ്പം ഭൂമി വിവരങ്ങള്‍ക്കായി ഡേറ്റാ ബേസും സജ്ജമാക്കും. വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും നിര്‍ണ്ണായകമായമാറ്റങ്ങള്‍ വരും. 11 അംഗ ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കും, 2 പേര്‍ മുസ്സീം ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, എം പി, എം എല്‍ എ, അതാതിടങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവര്‍ ബോർഡിലുണ്ടാകണം. മുസ്ലീംങ്ങളിലെ പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുടെയും പ്രാതനിധ്യം ഉറപ്പാക്കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു. പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം ബില്‍ സൂക്ഷ്മപരിശോധനക്കായി പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയക്കണമെന്നാവശ്യപ്പെട്ടു.

ദാനമായും, അല്ലാതെയും ലഭിച്ച സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും, നടത്തിപ്പിനുമുള്ള പൂര്‍ണ്ണാധികാരവും വഖഫ് ബോര്‍ഡുകൾ‍ക്ക് നല്‍കുന്ന 1995 ലെ വഖഫ് നിയമത്തിലാണ് ഭേദഗതി കൊണ്ടു വരുന്നത്. 2013 ല്‍ യു പി എ സര്‍ക്കാരിന്‍റെ കാലത്ത് ഭേദഗതി ചെയ്ത് നല്‍കിയ കൂടുതല്‍ അധികാരങ്ങൾ എടുത്ത് കളയും. നിലവില്‍ 1.2 ലക്ഷം കോടി രൂപയുടെ സ്വത്ത് വകകളാണ് വഖഫ് ബോര്‍ഡുകളുടെ കീഴിലുള്ളത്. സൈന്യവും, റയില്‍വേയും കഴിഞ്ഞാല്‍ രാജ്യത്ത് കൂടുതല്‍ ആസ്തിയുള്ളത് വഖഫ് ബോര്‍ഡുകള്‍ക്കാണ്.

തിരക്കിട്ട ചർച്ചകൾക്കായി ഉദ്ദവ് താക്കറെ ദില്ലിയിൽ, മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ? എംവിഎയിൽ ചർച്ച

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios