വനിതാ നേതാക്കളെ അധിക്ഷേപിച്ച രമേഷ് ബിധുരിയാണ് ദില്ലി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന പ്രചാരണം സജീവമാക്കി ആംആദ്മി പാർട്ടി
ദില്ലി: വനിതാ നേതാക്കളെ അധിക്ഷേപിച്ച രമേഷ് ബിധുരിയാണ് ദില്ലി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന പ്രചാരണം സജീവമാക്കി ആംആദ്മി പാർട്ടി. . ബിജെപിക്ക് ദില്ലിയിൽ ഉയർത്തിക്കാണിക്കാൻ ഒരു നേതാവില്ലെന്നാണ് എഎപിയുടെ ആരോപണം. നേരത്തെ പാർലമെന്‍റിലും ഈയിടെ മുഖ്യമന്ത്രി അതിഷിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വിവാദ പ്രസ്താവനകൾ നടത്തിയ കൽക്കാജിയിലെ സ്ഥാനാർത്ഥി രമേഷ് ബിധുരിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന പ്രചാരണമാണ് എഎപി സജീവമാക്കുന്നത്.
കെജ്രിവാളല്ല ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്ന് ഇന്നലെ പറഞ്ഞ അമിത് ഷായും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്നതിൽ വ്യക്തത നൽകിയില്ല. പിന്നാലെയാണ് എഎപി പ്രചാരണം സജീവമാക്കിയത്.
അതിനിടെ രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫലോദി സത്ത ബസാർ എന്ന സ്ഥാപനം ബിജെപി 25 മുതൽ 35 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിച്ചു. എഎപി 39 സീറ്റുകൾ വരെ നേടി ഭരണം നിലനിർത്തും. കോൺഗ്രസിന് 3 സീറ്റുകൾ വരെ കിട്ടുമെന്നും പ്രവചനമുണ്ട്. മുതിർന്ന നേതാക്കളെയടക്കം ഇറക്കി കോൺഗ്രസും പ്രചാരണം സജീവമാക്കുകയാണ്. നാളെ സീലംപൂരിൽ വൈകീട്ട് അഞ്ചരയ്ക്കാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലി. പ്രിയങ്ക ഗാന്ധിയും ഉടൻ പ്രചാരണത്തിനിറങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു