ബംഗളൂരു: നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയതിനെ ന്യായീകരിച്ച് കര്‍ണാടക സംസ്ഥാന മന്ത്രി രംഗത്ത്. നിയമ പാര്‍ലമെന്‍ററികാര്യവകുപ്പ് മന്ത്രി ജെ.സി മധുസ്വാമിയാണ് ലക്ഷ്മണ്‍ സാവദിയെ പിന്തുണച്ച് രംഗത്തെത്തി. 

'നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ ദേശവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്മണ്‍ സാവദിക്ക് ഒരു തെറ്റുപറ്റി. അതിന്‍റെ പേരില്‍ അദ്ദേഹത്തെ എല്ലാകാലത്തും വിമര്‍ശിക്കുന്നത് ശരിയല്ല'. ഇനി അദ്ദേഹം മന്ത്രിയാകാന്‍ പാടില്ലെന്ന നിലപാടെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലക്ഷ്മണ്‍ സാവദി ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസമാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ട സംഭവത്തില്‍ ഉള്‍പ്പെട്ട സാവദിയെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് നാണമുണ്ടോ എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. ഇതിന് മറുപടിയായാണ് ജെ.സി മധുസ്വാമിയുടെ പ്രതികരണം. 

'യാദൃശ്ചികമായി അദ്ദേഹം പോണ്‍സൈറ്റ് ഓണ്‍ ചെയ്യുകയും വീഡിയോ കാണുകയും ചെയ്തു. നമുക്കെല്ലാവര്‍ക്കും തെറ്റ് പറ്റും. സ്വാഭാവികമാണ്. അദ്ദേഹത്തിനും ഒരു തെറ്റുപറ്റി'. അതിനെ വലുതായി കാണിച്ച് എല്ലാകാലത്തും വിമര്‍ശിക്കുന്നത് തുടരുന്നത് ശരിയല്ലെന്നും മധുസ്വാമി കൂട്ടിച്ചേര്‍ത്തു. 

2012 ല്‍ കര്‍ണാടകയില്‍ നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് ലക്ഷ്മണ്‍, സി സി പാട്ടീല്‍, കൃഷ്ണ പാലേമര്‍ എന്നിവര്‍ അശ്ലീല വീഡിയോ കണ്ടത്. വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്‍ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ്‍ അന്ന് വിശദീകരിച്ചത്. മംഗളൂരിലെ മദ്യപാന പാര്‍ട്ടികളെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് എംഎല്‍എമാര്‍ പോണ്‍ വീഡിയോ കണ്ടത്. പിന്നീട് പിടിച്ചുനില്‍ക്കാനാതയതോടെ മൂവരും രാജിവെച്ചു.