ദില്ലി: തെരഞ്ഞെടുപ്പില്‍ വീണ്ടുമൊരു വിജയം കൂടി ഉറപ്പിച്ചിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. മൂന്നാം വിജയത്തിലേക്ക് ആംആദ്മി പാര്‍ട്ടി കടക്കുമെന്ന് ഉറപ്പിച്ച് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചുകഴിഞ്ഞു. വിജയം തങ്ങള്‍ക്ക് തന്നെയെന്നാണ് ആംആദ്മി സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ജോലി ചെയ്തത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നതാണ് അതിന് കാരണമെന്നും മനീഷ് സിസോദിയ പറഞ്ഞു. 

പട്പര്‍ഗഞ്ചില്‍ നിന്നാണ് മനീഷ് സിസോദിയ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മനീഷ് സിസോദിയ മുന്നേറുകയാണ്. കോണ്‍ഗ്രസിന്‍റെ ലക്ഷ്മണ്‍ റാവത്തിനോടും ബിജെപിയുടെ രവി നേഗിയോടുമാണ് അദ്ദേഹം മത്സരിച്ചത്. 54 ശതമാനം വോട്ടുകള്‍ക്കാണ് ഇതേ മണ്ഡലത്തില്‍ നിന്ന് മനീഷ് സിസോദിയ 2015 ല്‍ വിജയിച്ചത്. ബിജെപിയുടെ വിനോദ് കുമാര്‍ ബിന്നിയെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്.