Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കും, പരാതിയല്ല: സുപ്രീംകോടതി

ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ ഗൂ‌ഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാൻ. ആരോപണത്തിന്‍റെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കിൽ സുപ്രീം കോടതി നിലനിൽക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

we want to go to the root of the matter, says SC about on the sexual allegation on CJ
Author
Delhi, First Published Apr 24, 2019, 4:09 PM IST

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.  ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ ഗൂ‌ഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു.  വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കിൽ സുപ്രീം കോടതി നിലനിൽക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മുൻ വിധിയോടെ അന്വേഷണം പാടില്ലെന്ന് ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ഇന്ദിര ജയ്‍സിംഗ് ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ ബഞ്ചിൽ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസിന് എതിരായ ഗൂ‍ഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ആർ എഫ് നരിമാൻ പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നു എന്നുകാട്ടി അഭിഭാഷകനായ ഉത്സവ് ബെയിൻസ് നൽകിയ സത്യവാങ്മൂലത്തിലെ ഉള്ളടക്കം അറിയണമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍റെ കത്ത് പുറത്തുവിടാനാകില്ലെന്ന‌് ജസ്റ്റിസ് അരുൺ മിശ്ര മറുപടി നൽകി.

സുപ്രീംകോടതിയിൽ നിന്ന് പുറത്താക്കപ്പെട്ട ചില ജീവനക്കാരാണ് ചീഫ് ജസ്റ്റിസിന് എതിരായ ഗൂഡാലോചനക്ക് പിന്നിലെന്ന് ആരോപണമുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറ‌ഞ്ഞു. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന‌ അറിയണമെന്നും അന്വേഷണം നടത്തി അത് കണ്ടെത്തണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചന സംബന്ധിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ ഉത്സവ് ബെയിൻസിനോട് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.

വാദത്തിനിടെ നാടകീയ സംഭവങ്ങൾ

വാദത്തിനിടെ എജി കെ കെ വേണുഗോപാലിനെതിരെ സംസാരിച്ച ഉത്സവ് ബെൻസിനെ കോടതി താക്കീത് ചെയ്തു. എല്ലാവരും ബഹുമാനിക്കുന്ന ആളാണ് വേണുഗോപാലെന്നും ഇനി ഒരിക്കൽ കൂടി സംസാരിച്ചാൽ കോടതി ബെൻസിനെ പിടിച്ച് പുറത്താക്കുമെന്ന് ജസ്റ്റിസ് നരിമാൻ ഉത്സവ് ബെയിൻസിനോട് പറഞ്ഞു. പുറത്താക്കണ്ട, സ്വയം പുറത്തുപോകാമൊന്ന് ഉത്സവ് ബെൻസ് മറുപടി നൽകി. പുറത്തേക്ക‌് പോകാനൊങ്ങിയ അഭിഭാഷകനെ കോടതി തിരിച്ചുവിളിച്ചു. നിങ്ങളൊരു ചെറുപ്പക്കാരനല്ലേ, കാര്യങ്ങൾ വൈകാരികമായി എടുക്കരുത് ജസ്റ്റിസ് നരിമാൻ നിങ്ങളെ വലിച്ചെറിയുമെന്നല്ല പറഞ്ഞത് അദ്ദേഹം ദേഷ്യം പ്രകടിപ്പിച്ചുവെന്നേയുള്ളൂ എന്ന് ജസ്റ്റിസ് അരുൺ മിശ്ര ബെയിൻസിനെ സമാധാനിപ്പിച്ചു. ഇതിന് ശേഷമാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ബെയിൻസിനോട് കോടതി ആവശ്യപ്പെട്ടത്.

Follow Us:
Download App:
  • android
  • ios