ദില്ലി: പ്രധാനമന്ത്രിയെ യുവാക്കല്‍ വടികൊണ്ട് അടിച്ച് പുറത്താക്കുമെന്ന് പ്രസ്താവന നടത്തിയ ചീമുട്ട എറിയുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധി മോദിയെ വടി കൊണ്ടടിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തെ മുട്ടകൊണ്ടെറിയും. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിയാണ് രാഹുല്‍ അമേത്തിയില്‍ തോറ്റത്. രാജ്യത്തെ കുഴിയിലേക്കാണ് രാഹുല്‍ തള്ളിയിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിച്ചെന്നും അത്തേവാലെ വിമര്‍ശിച്ചു. 

പ്രധാനമന്ത്രിക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. യുവാക്കൾക്ക് തൊഴിൽ നൽകാതെ രാജ്യം പുരോ​ഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവർ പഠിപ്പിക്കും എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസ്താവന. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും രാജ്യത്തെ തൊഴിലില്ലായ്മ മുൻനിർത്തിയുള്ള വിമർശനങ്ങൾ രാഹുല്‍ ​ഗാന്ധി ഉന്നയിച്ചിരുന്നു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

''രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എന്നാൽ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റിൽ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം.'' രാഹുൽ ​ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.