ബെംഗളൂരുവിലെ 22കാരനായ ഐടി പ്രൊഫഷണൽ ഡേറ്റിങ് ആപ്പ് വഴി സെക്സ്റ്റോർഷന് ഇരയായി. 'ഇഷാനി' എന്ന് പരിചയപ്പെടുത്തിയ യുവതിയുമായി വീഡിയോ കോളിൽ നഗ്നനാകാൻ ആവശ്യപ്പെടുകയും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 1.5 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. 

ബെംഗളൂരു: ഡേറ്റിങ് ആപ്പ് തട്ടിപ്പിനിരയായി 22കാരനായ ഐടി പ്രൊഫഷണൽ. യഥാർഥ പെൺകുട്ടിയാണെന്ന് ധരിച്ച് എഐ കാമുകിയോട് സംസാരിക്കുകയും സെക്സ്റ്റോർഷന് ഇരയാകുകയും ചെയ്തു. ബെം​ഗളൂരുവിലാണ് സംഭവം. ഇയാളിൽ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഒരു സ്വകാര്യ കമ്പനിയിൽ ക്ലൗഡ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എജിപുര സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ഡേറ്റിംഗ് ആപ്പായ ഹാപ്പനിൽ പ്രൊഫൈൽ സൃഷ്ടിച്ച് ജനുവരി 5 ന് "ഇഷാനി" എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതായി അയാൾ പൊലീസിനോട് പറഞ്ഞു. ആപ്പിൽ സന്ദേശങ്ങൾ കൈമാറുകയും ചില വ്യക്തി വിവരങ്ങൾ പങ്കുവെക്കുകയും ചെയ്ത ശേഷം, ഇരുവരും അവരുടെ സംഭാഷണം വാട്ട്‌സ്ആപ്പിലേക്ക് മാറ്റി. 

വീഡിയോ കോളിൽ ന​ഗ്നനാകാൻ ആവശ്യപ്പെട്ടു. കോൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിക്കാൻ തുടങ്ങുകയും തട്ടിപ്പുകാർ പണം ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുമെന്നും മുന്നറിയിപ്പ് നൽകി. ഭീഷണികളിൽ പരിഭ്രാന്തനായും നാണക്കേട് ഭയന്നും ആദ്യം 60,000 രൂപ ട്രാൻസ്ഫർ ചെയ്തു. പിന്നീട് 93,000 രൂപ ഒന്നിലധികം ബാങ്ക് അക്കൗണ്ടിലേക്കും രണ്ട് യുപിഐ ഐഡികളിലേക്കും ട്രാൻസ്ഫർ ചെയ്തു. പണം ലഭിച്ചിട്ടും ഭീഷണി തുടർന്നതോടെ സുഹൃത്തുക്കളോട് കാര്യങ്ങൾ പറയുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. 

പരാതിയുടെ അടിസ്ഥാനത്തിൽ, സെൻട്രൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 308 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡേറ്റിംഗ് ആപ്പുകളിൽ നിന്നുള്ള ലൈംഗിക പീഡന കേസുകൾ വർധിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.