ചണ്ഡിഘട്ട്: വിവാഹമണ്ഡപത്തിൽ ചെരുപ്പിട്ട് കയറിയതിനെ ചൊല്ലി ഫോട്ടൊ​ഗ്രാഫറും വരന്റെ അമ്മാവനും തമ്മിൽ തർക്കം. വിവാഹത്തിനെത്തിയവരുടെ മുന്നിൽവച്ച് തന്നെ അപമാനിച്ച വരന്റെ അമ്മാവനെ ഫോട്ടൊ​ഗ്രാഫറും സംഘവും ചേർന്ന് ആക്രമിച്ചു. പഞ്ചാബിലെ ​ഗുഡാന ​ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.

വിജിലൻസ് ബ്യൂറോയിൽ ഫിനാൻസ് അസിസ്റ്റന്റ് കൺട്രോളറായ വരന്റെ അമ്മാവന്റെ പരാതിയിൽ ഫോട്ടൊ​ഗ്രാഫർ ജസ്ബീർ സിം​ഗ് ഉൾപ്പടെ 
അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെളിപ്പുരണ്ട ഷൂസിട്ട് മണ്ഡപത്തിൽ കയറിയെന്നാരോപിച്ചായിരുന്നു ജസ്ബീർ സിം​ഗിനെ വരന്റെ അമ്മാവൻ ആളുകളുടെ മുന്നിൽവച്ച് അപമാനിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ഇതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. ഇതിനിടിയിൽ ബന്ധുക്കളും ഇടപ്പെട്ടതോടെ പ്രശ്നം വഷളായി. തർക്കത്തിൽ ജസ്ബീറിന്റെ ക്യാമറ തകർന്നു.

ചടങ്ങ് കഴി‍ഞ്ഞതിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെയും ഭാര്യയെയും ജസ്ബീറും സംഘവും ചേർന്ന് കാറിൽ പിന്തുടർന്ന് വാളുപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ജസ്ബീറിനെ കൂടാതെ ​ഗുർജീത് സിം​ഗ്, ​ഗുർജന്ത് സിം​ഗ്, ബഹാദുർ സിം​ഗ്, കാല എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.