കേരള, ദേശീയ, അന്തർദേശീയ തലങ്ങളിലും വിനോദ, കായിക, ടെക്നോളജി മേഖലകളിലും അടുത്ത ആഴ്ച വാര്‍ത്തകളില്‍ നിറയാനിരിക്കുന്ന സംഭവങ്ങള്‍ ഒറ്റനോട്ടത്തിൽ

രാഷ്ട്രപതിയുടെ കേരള സന്ദർശനം മുതൽ യുഎസിൽ ട്രംപിനെ വിറപ്പിച്ച് ജനരോഷം വരെ വാർത്തകളാൽ സമ്പന്നമായ വാരമാണ് വരാനിരിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കൂടുതൽ വിവരങ്ങളും ഈ ആഴ്ച പുറത്തുവരും. ലോകയുടെ ഒടിടി റിലീസ്, ഓസ്‌ട്രേലിയ-ഇന്ത്യ ഏകദിന പരമ്പര, ഓറിയോണിഡ് ഉൽക്കാമഴ ഉൾപ്പെടെ വിനോദ, കായിക, ടെക്നോളജി മേഖലകളിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന സംഭവ വികാസങ്ങളും ഒറ്റനോട്ടത്തിൽ അറിയാം...

കേരളം

1. രാഷ്ട്രപതിയുടെ കേരള സന്ദർശനം

രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 21ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തും. 22ന് ശബരിമല സന്ദർശനം. 23ന് രാജ്ഭ​വ​നിൽ കെ.ആ​ർ നാ​രാ​യ​ണ​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം. അതേ ദിവസം ശിവഗിരിയിൽ ശ്രീ​നാ​രാ​യ​ണ ഗു​രു മ​ഹാ​സ​മാ​ധി ശ​താ​ബ്ദി​യി​ൽ മു​ഖ്യാ​തി​ഥി. വൈകുന്നേരം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി​ ആഘോഷത്തിൽ പങ്കെടുക്കും. 24ന് കൊച്ചി സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ശതാ​ബ്ദി​ ആ​ഘോ​ഷ​ത്തി​ൽ മുഖ്യാതിഥിയാകും. വൈകുന്നേരം 4.15ന് പ്ര​ത്യേ​ക വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ദില്ലിയിലേക്ക് തിരിച്ചുപോകും

2. തുലാവർഷം കനക്കുന്നു, ജാഗ്രതാ നിർദേശം

തുലാവർഷവും അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദവുമെല്ലാം ചേർന്ന് കേരളത്തിൽ വീണ്ടും പെരുമഴക്കാലം. ഒക്ടോബർ 24 വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇടിമിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

3. ശബരിമല സ്വർണ്ണക്കൊള്ള കേസ്

ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായതോടെ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഒന്നിച്ചിരുത്തി ചോദ്യംചെയ്യും. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും

4. ഹിജാബ് വിവാദം- ഹൈക്കോടതി ഉത്തരവ് നിർണായകം

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതി ഉത്തരവ് നിർണായകമാകും. വിദ്യാര്‍ത്ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. ഹൈക്കോടതിയിൽ സ്കൂള്‍ നൽകിയ ഹര്‍ജിയിൽ കുടുംബത്തെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ഹൈക്കോടതി ഒക്ടോബർ 24ന് ഹര്‍ജി പരിഗണിക്കും. അതുവരെ കുട്ടിയെ സ്കൂളിലേക്ക് വിടില്ലെന്നാണ് കുടുംബത്തിന്‍റെ തീരുമാനം.

ദേശീയം

1. ബിഹാർ- മഹാസഖ്യത്തിൽ വിള്ളൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പുരോഗമിക്കവേ സീറ്റ് വിഭജനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നത് മഹാസഖ്യത്തിന് തിരിച്ചടിയായി. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) മഹാസഖ്യം ഉപേക്ഷിച്ചു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 24ന് സമസ്തിപൂരിലും ബെഗുസരായിലും തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.

2. കരൂർ ദുരന്തം- സിബിഐ അന്വേഷണം

കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മരിച്ചവരോടുള്ള ആദരസൂചകമായി ദീപാവലി ആഘോഷം വേണ്ടെന്നുവച്ചിരിക്കുകയാണ് ടിവികെ. അണ്ണാഡിഎംകെ - ബിജെപി സഖ്യത്തിൽ ടിവികെയും വരുമെന്ന് അഭ്യൂഹം പരക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വിജയ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇപിഎസിന്‍റെ റാലിയിൽ ടിവികെ പതാകകൾ വീശിയതാണ് അഭ്യൂഹം ശക്തമാകാൻ കാരണം. അതിനിടെ വിജയ്‍ക്കെതിരെ വിമർശനം കടുപ്പിച്ചിരിക്കുകയാണ് ഡിഎംകെ. ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന വിജയുടെ പോസ്റ്റർ ഡിഎംകെ പ്രചരിപ്പിച്ചു.

അന്തർദേശീയം

1. അമേരിക്കയെ വിറപ്പിച്ച് നോ കിങ്സ് മാർച്ച്

അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരെ ലക്ഷങ്ങൾ തെരുവിലേക്ക്. നഗരങ്ങളെ നിശ്ചലമാക്കി 'നോ കിങ്സ് മാർച്ച്' മാർച്ച് നടന്നു. ഇമിഗ്രേഷൻ റെയ്ഡുകൾ, നഗരങ്ങളിൽ സൈന്യത്തെ വിന്യസിച്ച നടപടികൾ, സർക്കാർ പദ്ധതികളുടെ വെട്ടിച്ചുരുക്കൽ, രാഷ്ട്രീയ എതിരാളികൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയവയാണ് പ്രതിഷേധത്തിന് കാരണം. വരും ദിവസങ്ങളിൽ പ്രതിഷേധം കനക്കാൻ സാധ്യത.

2. സമാധാനം പുലരുമോ ഗാസയിൽ?

വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ ഗാസയിൽ ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ട്. ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിലും മറ്റും ഹമാസ് വാക്കുപാലിക്കുന്നത് വരെ റഫാ ഇടനാഴി തുറക്കില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ ഇസ്രയേൽ തകർത്ത കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഹമാസിന്‍റെ വിശദീകരണം. അതേസമയം മൃതദേഹങ്ങൾ വിട്ടുനൽകിയില്ലെങ്കിൽ ഗാസയിൽ യുദ്ധം പുനരാരംഭിക്കും എന്നാണ് ഇസ്രയേലിന്‍റെ ഭീഷണി.

വിനോദ ലോകത്തെ പ്രധാന വാർത്തകൾ

1. ശ്രീവിദ്യ ചരമ വാർഷികം- ഒക്ടോബർ 19

നടി ശ്രീവിദ്യയുടെ പത്തൊൻപതാം ചരമ വാർഷികം. 1969 ൽ പുറത്തറിങ്ങിയ ചട്ടമ്പികവല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു. 2006 ൽ പുറത്തിറങ്ങിയ ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലാണ് ശ്രീവിദ്യ അവസാനമായി അഭിനയിച്ചത്.

2. പ്രഭാസ് ജന്മദിനം- ഒക്ടോബർ 23

ഒക്ടോബർ 23 ന് തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസിസ് നാല്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. റൊമാന്റിക് ഹൊറർ കോമഡി ചിത്രമായ ദി രാജസാബ് ആണ് പ്രഭാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ട്രെയ്‌ലർ അടുത്തിടെ പുറത്തുവിട്ടിരുന്നു.

3. 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് റിലീസ്' - ഒക്ടോബർ 24

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' ഒക്ടോബർ 24 ന് തിയേറ്ററുകളിലെത്തും. ഹൊറർ- കോമഡി- ത്രില്ലർ ആയാണ് ചിത്രമെത്തുന്നത്. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.

4. '1990'- റിലീസ് ഒക്ടോബർ 24

ആർ അരുൺകുമാറിനെ നായകനാക്കി നന്ദകുമാർ സിഎം സംവിധാനം ചെയ്യുന്ന 1990 എന്ന കന്നഡ ചിത്രം ഒക്ടോബർ 24 ന് തിയേറ്ററുകളിലെത്തും. റൊമാന്റിക് ഫാമിലി ഡ്രാമ വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. 1990 കളിൽ മൈസൂരുവിൽ ഉണ്ടായ സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

5. റിഗ്രറ്റിങ് യൂ റിലീസ് ഒക്ടോബർ 24

ജോഷ് ബൂൺ സംവിധാനം ചെയ്യുന്ന റൊമാന്റി കോമഡി ചിത്രമാണ് റിഗ്രറ്റിങ് യൂ. ഒക്ടോബർ 24 നാണ്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കൊളീൻ ഹൂവറുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

6. 'ലോക' ഒടിടി റിലീസ്

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ കല്യാണി പ്രിയദർശൻ ചിത്രം ലോക ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.

കായികം

  1. ഓസ്‌ട്രേലിയ - ഇന്ത്യ ആദ്യ ഏകദിനം (ഒക്ടോബര്‍ 19)

ഓസ്‌ട്രേലിയ - ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച്ച പെര്‍ത്തിത്തില്‍ തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ദീര്‍ഘകാലത്തിന് ശേഷത്തിന് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തുന്ന മത്സരം കൂടിയാണിത്.

2. ഇന്ത്യ - ഇംഗ്ലണ്ട് വനിതാ ഏകദിന ലോകകപ്പ് (ഒക്ടോബര്‍ 19)

ഐസിസി ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യ ഞായറാഴ്ച്ച ഇംഗ്ലണ്ടിനെ നേരിടും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഇന്‍ഡോറിലാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക്, ഇംഗ്ലണ്ടിനെതിരെ ജയിക്കേണ്ടത് അനിവാര്യമാണ്.

3. വിരേന്ദര്‍ സെവാഗ് - ജന്മദിനം (ഒക്ടോബര്‍ 20)

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന് തിങ്കളാഴ്ച്ച 46 വയസ് പൂര്‍ത്തിയാകും. ഇന്ത്യന്‍ ക്രിക്കറ്റില്‍, ടെസ്റ്റില്‍ പോലും അറ്റാക്കിംഗ് ശൈലി പരിചയപ്പെടുത്തിയ താരമാണ് സെവാഗ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്ക് വേണ്ടി 8000ല്‍ കൂടുതല്‍ റണ്‍സ് നേടി.

4. അണ്ടര്‍ 20 ഫിഫ ലോകകപ്പ് ഫൈനല്‍ (ഒക്ടോബര്‍ 20)

അണ്ടര്‍ 20 ഫിഫ ലോകകപ്പ് ഫൈനലില്‍ തിങ്കളാഴ്ച്ച അര്‍ജന്റീന - മൊറോക്കൊ മത്സരം. പുലര്‍ച്ചെ 4.30ന് മത്സരം ആരംഭിക്കും. ഏഴാം കിരീടമാണ് അര്‍ജന്റീന ലക്ഷ്യമിടുന്നത്. മൊറോക്കൊ ആദ്യത്തേതും.

5. സംസ്ഥാന സ്‌കൂള്‍ കായികമേള (ഒക്ടോബര്‍ 21)

62-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് തുടക്കം. 27 വരെയാണ് കായിക മേള. സെന്‍ട്രല്‍ സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഉള്‍പ്പെടെ 12 മൈതാനങ്ങളിലായി മത്സരങ്ങള്‍ നടക്കും.

6. ഓസ്‌ട്രേലിയ - ഇന്ത്യ രണ്ടാം ഏകദിനം (ഒക്ടോബര്‍ 23)

ഓസ്‌ട്രേലിയ - ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം 23ന് അഡ്‌ലെയ്ഡില്‍ നടക്കും.

7. ഇന്ത്യ - ന്യൂസിലന്‍ഡ് വനിതാ ഏകദിന ലോകകപ്പ് (ഒക്ടോബര്‍ 23)

ഐസിസി ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യ വ്യാഴാഴ്ച്ച ന്യൂസിലന്‍ഡിനെ നേരിടും. നവി മുംബൈയിലാണ് മത്സരം.

8. ഓസ്‌ട്രേലിയ - ഇന്ത്യ മൂന്നാം ഏകദിനം (ഒക്ടോബര്‍ 25)

ഓസ്‌ട്രേലിയ - ഇന്ത്യ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് സിഡ്‌നി വേദിയാകും.

9. രഞ്ജി ട്രോഫി (ഒക്ടോബര്‍ 25)

രഞ്ജി ട്രോഫിയില്‍ കേരളം രണ്ടാം മത്സരത്തില്‍ പഞ്ചാബിനെ നേരിടും. മുല്ലാന്‍പൂരിലാണ് മത്സരം. ടൂര്‍ണമെന്റിലെ ആദ്യ ജയം തേടിയാണ് കേരളം ഇറങ്ങുക.

സയൻസ് & ടെക്നോളജി

1. സ്വാൻ വാൽനക്ഷത്രം (Comet C/2025 R2)

സ്വാൻ വാൽനക്ഷത്രം ഒക്ടോബർ 21ന് ദൃശ്യമാകും. നഗ്നനേത്രങ്ങൾ കൊണ്ട് ഈ വാൽനക്ഷത്രത്തെ കാണാം എന്നതാണ് പ്രധാന സവിശേഷത. ഒരു യുക്രനിയൻ വാനനിരീക്ഷകനാണ് സ്വാൻ വാൽനക്ഷത്രത്തെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കണ്ടെത്തിയത്.

2. ഓറിയോണിഡ് ഉൽക്കാമഴ

2025-ലെ ഓറിയോണിഡ് ഉൽക്കാവർഷം ഒക്ടോബർ 21-22 തീയതികളിൽ ഉച്ചസ്ഥായിയിലെത്തും. ഓറിയോണിഡ് ഉൽക്കാവർഷം ഇന്ത്യയില്‍ നിന്നും ദൃശ്യമാകും. മണിക്കൂറിൽ 20 ഉൽക്കകൾ വരെ കാണാനാകും എന്ന് പ്രതീക്ഷ.