ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ ബിജെപി സ്ഥാപിച്ച സിന്ധ്യയുടെ പോസ്റ്ററുകള്‍ മാറ്റി അധികൃതര്‍. ഭോപ്പാലില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് മുനിസിപ്പല്‍ അധികൃര്‍ നീക്കം ചെയ്തത്. 

ഇന്ന് വൈകീട്ട് മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലില്‍ സിന്ധ്യ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി ബിജെപിയില്‍ ചേര്‍ന്ന് സിന്ധ്യക്ക് വലിയ വരവേല്‍പ്പാണ് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭോപ്പാലിന്‍റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററുകളില്‍. ചില പോസ്റ്ററുകളില്‍ സിന്ധ്യയുടെ മുഖം കറുപ്പിച്ചിട്ടുണ്ട്. 

ബുധനാഴ്ച പാര്‍ട്ടി ഹെഡ്ക്വോര്‍ട്ടേഴ്സില്‍ വച്ച് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി മധ്യപ്രദേശിലെ ബിജെപി ഓഫീസിലെത്തുന്ന സിന്ധ്യ ദീന്‍ദയാല്‍ ഉപാധ്യയുടെയും സിന്ധ്യയുടെ മുത്തച്ഛന്‍ വിജയരാജ സിന്ധ്യയുടെയും കുശബാവു താക്കറെയുടെയും പ്രതിമകളിലും പിതാവ് മാധവറാവുവിന്‍റെ ചിത്രത്തിലും മാലയിടും.