തിങ്കളാഴ്ച രാത്രി കാറിൽ പുറപ്പെട്ട ആറംഗ സംഘം ചൊവ്വാഴ്ച പുലർച്ചെ മടങ്ങി വരുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.

ലത്തൂർ: സുഹൃത്തിന് പൊലീസിൽ ജോലി കിട്ടിയ സന്തോഷത്തിന് നടത്തിയ പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. ജോലി കിട്ടിയ യുവാവ് ഉൾപ്പെടെ രണ്ട് പേർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ അപകടമുണ്ടായത്.

ലത്തൂരിലെ കരേപൂർ ഗ്രാമവാസിയായ അസിം പശാമിയ ശൈഖ് എന്ന 30കാരന് സംസ്ഥാന റിസർവ് പൊലീസ് ഫോഴ്സിൽ നിയമനം ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് അസിമും അഞ്ച് സുഹൃത്തുക്കളും തിങ്കളാഴ്ച രാത്രി ആഘോഷിക്കാനായി യാത്ര പോയത്. മടക്ക യാത്രയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഛത്തപതി സംബാജിനഗർ - ലത്തൂർ റോഡിലായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

ബാലാജി ശങ്കർ മനേ (27), ദീപക് ദിലീപ് സാവ്‍രെ (30), ഫറൂഖ് ബാബു മിയ ശൈഖ് (30) എന്നിവർ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഹൃത്വിക് ഹനുമന്ത് ഗെയ്വാദ് (24) ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. അസിം ശൈഖും ഗുരുതരമായി പരിക്കേറ്റ മുബാറക് സത്താൻ ശൈഖും (28) സ്വാമി രാമാനന്ദ് തീർത്ഥ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം