ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43ൽ എത്തി. 2.2 ശതമാനമാണ് ഒറ്റ രാത്രിയിൽ ഉയർന്നത്. അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന എണ്ണടാങ്കർ ഗുജറാത്ത് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ദില്ലി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയിൽ കുതിച്ചുയർന്ന് എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43ൽ എത്തി. 2.2 ശതമാനമാണ് ഒറ്റ രാത്രിയിൽ ഉയർന്നത്. അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന എണ്ണടാങ്കർ ഗുജറാത്ത് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഹോർമൂസിൽ നാല് എൽപിജി ടാങ്കറുകളാണ് അനുമതി കാത്ത് കിടക്കുന്നത്.

അതേസമയം, ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാനൊരുങ്ങുകയാണ് ഇറാൻ. യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമമായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനെതിരെ അസഭ്യവർഷം നടത്തിക്കൊണ്ടാണ് ട്രംപ് പ്രസ്താവന നടത്തിയത്. ‘ഭ്രാന്തൻ തെണ്ടികളേ, ഫൾൾൾ കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകേണ്ടി വരും. അല്ലാഹുവിന് സ്തുതി’- എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

അതിനിടെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ ഉന്നതതല ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരുവശത്തു നിന്നുമുള്ള വിദഗ്ധരും പങ്കെടുത്തു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാര-ഊർജ്ജ കപ്പലുകളുടെ യാത്ര തടസ്സമില്ലാതെയും സുരക്ഷിതമായും ഉറപ്പാക്കാനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദഗ്ധർ വിവിധ നിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചതായാണ് വിവരം. ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ സാഹചര്യത്തിലാണ് ചർച്ച.

YouTube video player