പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം നിർണായകമാവുകയാണ്. മമതയെ ഇത്തവണ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമം.
കൊൽക്കത്ത: രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് കടന്നിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന സുപ്രധാനമായ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകൾക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയത്. ഇതിൽ പശ്ചിമ ബംഗാളിലേയ്ക്കാണ് എല്ലാ കണ്ണുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറയാം. കാരണം, കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്. തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടക്കുക.
2011ൽ ഇടത് മുന്നണിയെ തകര്‍ത്താണ് ബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് അധികാരം പിടിച്ചത്. തൃണമൂല്‍ 184 സീറ്റുകളിൽ വിജയിച്ചപ്പോൾ ഇടത് മുന്നണി 62 സീറ്റുകളിലേയ്ക്ക് ഒതുങ്ങി. 2016ൽ തൃണമൂൽ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അധികാരം നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണാനായത്. 211 സീറ്റുകളിൽ തൃണമൂലിന്റെ തേരോട്ടത്തിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ഇടത് സഖ്യത്തിന് വെറും 77 സീറ്റുകളില്‍ വിജയിക്കാനേ സാധിച്ചുള്ളൂ. 2021ൽ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. തൃണമൂല്‍ 215 സീറ്റുകൾ നേടി മമത മൂന്നാം തവണയും അധികാരം ഉറപ്പിച്ചെങ്കിലും പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി കടന്നുകയറി. 77 സീറ്റുകളിൽ ബിജെപി വിജയിച്ചതോടെ സംസ്ഥാനത്ത് ഇടത്-കോൺഗ്രസ് സഖ്യം അപ്രസക്തമായി മാറി.
2019ന് ശേഷം പശ്ചിമ ബംഗാളിൽ ബിജെപിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. മോദി രണ്ടാം തവണയും അധികാരത്തിലെത്തിയപ്പോൾ പശ്ചിമ ബംഗാളിൽ തൃണമൂലിനെ ഞെട്ടിച്ചുകൊണ്ട് ബിജെപി നേടിയ 18 സീറ്റുകൾ നിര്‍ണായകമായി. ഇടതുപാര്‍ട്ടികൾക്കാണ് ഇത് വലിയ ക്ഷീണമായത്. ഇടതിന്റെ ഉരുക്കുകോട്ടയായി ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട ബംഗാളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് സംഘപരിവാര്‍ ആശയങ്ങളോടുള്ള സ്വീകാര്യതയുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ബിജെപിയുടെ വളര്‍ച്ചയെ തൃണമൂൽ അതീവ ഗൗരവത്തോടെയാണ് കണ്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു മമത ബാനര്‍ജിയുടെ ഓരോ തീരുമാനങ്ങളും. തെറ്റുകൾ തിരുത്തിയും പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ച് നിര്‍ത്തിയും മമത കരുതലോടെയാണ് നീങ്ങിയത്.
2021ന് മുമ്പ് തന്നെ പശ്ചിമ ബംഗാളിൽ ബിജെപി വീണ്ടും നിര്‍ണായകമായ ചില നീക്കങ്ങൾ നടത്തി മമതയെ പ്രതിരോധത്തിലാക്കി. തൃണമൂലിലെ പ്രധാന നേതാവായിരുന്ന സുവേന്ദു അധികാരിയെ പാര്‍ട്ടിയിൽ നിന്ന് പുറത്തെത്തിച്ച് സ്വന്തം പാളയത്തിലേയ്ക്ക് കൂട്ടിയാണ് ബിജെപി കരുത്ത് കൂട്ടിയത്. തുടര്‍ന്ന് നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്താൻ പോലും സുവേന്ദു അധികാരിയ്ക്ക് കഴിഞ്ഞെന്നതാണ് ശ്രദ്ധേയമായത്. പക്ഷേ, അപ്പോഴും അദ്ദേഹത്തിന് പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയാണ് മമത പോരാട്ടം നയിക്കുന്നത്. സംസ്ഥാനത്ത് 27 ശതമാനത്തോളം ന്യൂനപക്ഷ വോട്ടര്‍മാരുണ്ട്. തൃണമൂലിന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ഭിന്നിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കാരണം, തൃണമൂല്‍ കോൺഗ്രസിൽ നിന്ന് അകന്ന ഹുമയൂൺ കബീറും ഐഎസ്എഫും പല മേഖലകളിലും കടന്നുകയറാനുള്ള സാധ്യത വളരെ കൂടുതലാണ്.
ബിജെപിയെ സംബന്ധിച്ച് കഴിഞ്ഞ 15 വര്‍ഷമായി നിരന്തരം അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സാധ്യമായതെല്ലാം പയറ്റിയിട്ടും ബംഗാൾ ഇപ്പോഴും ബിജെപിയിൽ നിന്ന് അകന്നു നിൽക്കുകയാണ്. ഇടതുപക്ഷവും കോൺഗ്രസും സംസ്ഥാനത്ത് അപ്രസക്തമായെങ്കിലും താക്കോൽ സ്ഥാനത്തേയ്ക്ക് എത്താൻ ബിജെപിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മോദി മൂന്നാം തവണയും അധികാരത്തിലെത്തിയ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലവും ബിജെപിയ്ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. 2019ൽ 18 സീറ്റുകൾ ലഭിച്ചിരുന്നെങ്കിൽ 2024ൽ അത് 12 ആയി കുറയുകയാണുണ്ടായത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 30 സീറ്റുകളിലെങ്കിലും വിജയിക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാൽ, ഇത് പകുതിയിലും താഴേയ്ക്ക് ഇടിഞ്ഞത് ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയ്ക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. സുവേന്ദു അധികാരിയ്ക്ക് പുറമെ, ഒരു പ്രാദേശിക നേതാവിന്റെ അഭാവവും തൃണമൂലിന്റെ സംഘടനാ സംവിധാനത്തെ നേരിടുന്നതിലുണ്ടാകുന്ന വെല്ലുവിളികളുമാണ് ബിജെപിയെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ സംസ്ഥാനത്തെ സ്ത്രീകൾക്കിടയിൽ മമതയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും ചെറുതല്ല. കഴിഞ്ഞ തവണ മമത വീൽ ചെയറിൽ നടത്തിയ പ്രചാരണം സ്ത്രീ വോട്ടുകൾ ഉറപ്പിക്കാൻ തൃണമൂലിനെ സഹായിച്ചു.
ബംഗാളിൽ വോട്ടർ പട്ടിക പരിഷ്കരണവും പൗരത്വവുമായി ബന്ധപ്പെട്ട ചർച്ചകളും തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാന വിഷയങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ ഈ പ്രക്രിയകൾ ആവശ്യമാണെന്ന് ബിജെപി വാദിക്കുമ്പോൾ, യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കുകയാണെന്നാണ് തൃണമൂലിന്റെ ആരോപണം. യുവ വോട്ടർമാർക്കിടയിലെ ആശങ്കകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോകുന്ന മറ്റൊരു പ്രധാന ഘടകം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. വ്യാവസായിക വളർച്ച, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുടിയേറ്റം, ഗുണനിലവാരമുള്ള സ്വകാര്യ മേഖലയിലെ ജോലികളുടെ അഭാവം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
സംസ്ഥാനത്ത് ബിജെപി അഴിമതിയെ ഒരു പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടുന്നുണ്ട്. ഇതിന് പുറമെ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നങ്ങളും സംസ്ഥാനത്ത് ഉടനീളം പൊതുചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. പ്രത്യേകിച്ച് നഗര, അർദ്ധ നഗര പ്രദേശങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾ ശക്തമായി നടക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തെ ഒരു ഭരണ വെല്ലുവിളിയായി ചിത്രീകരിച്ചു കഴിഞ്ഞെങ്കിലും പൊലീസിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും സുരക്ഷാ നടപടികളും ഉയർത്തിക്കാട്ടിയാണ് ഭരണകക്ഷി പ്രതിരോധം തീർക്കുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റവും ജനസംഖ്യാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകളും പ്രധാന ചർച്ചാ വിഷയങ്ങളായി തുടരുന്നുമുണ്ട്.
ഒന്നിലധികം രാഷ്ട്രീയ ആഖ്യാനങ്ങൾ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. തുടർച്ചയും മാറ്റവും തമ്മിലുള്ള ഒരു മത്സരമായി ബംഗാളിലെ തെരഞ്ഞെടുപ്പ് രൂപപ്പെടുകയാണ്. വോട്ടർമാരെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രത്തിനപ്പുറമുള്ള മുൻഗണനകളാണ് വോട്ടിംഗിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളതെന്നാണ് വിലയിരുത്തൽ. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 294 അംഗ നിയമസഭയിലേയ്ക്ക് ഏപ്രിൽ 23നും 29നുമാണ് പോളിംഗ് നടക്കുക.


