പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 90 ശതമാനത്തിനടുത്ത് റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. എന്നാൽ, വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ സംഘർഷങ്ങളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു, ചിലയിടങ്ങളിൽ നിന്ന് ബോംബുകളും കണ്ടെടുത്തു. മുന്നണികൾ ഇപ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോഡിലേക്ക്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം രണ്ടാം ഘട്ടത്തിൽ 92 ശതമാനത്തിന് മുകളിലാണ് പോളിംഗ്. ഹൂഗ്ലി, പൂർബ ബർധമാൻ എന്നിവയടക്കം 6 ജില്ലകളിൽ പോളിംഗ് 90 ശതമാനം കടന്നു. മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂരിൽ 85.51 ശതമാനത്തിലധികം വോട്ടുകൾ പോൾ ചെയ്തു. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് നടക്കുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സര രംഗത്തുള്ളത്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും സമാനമാകും അന്തിമ കണക്കെന്നാണ് വ്യക്തമാകുന്നത്. ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. 2011 ലെ 84.33% എന്ന റെക്കോഡ് ഇതിനകം തന്നെ തകർക്കപ്പെട്ടു. അന്തിമ കണക്കുകളിൽ നേരിയ വ്യത്യാസം മാത്രമാണ് ഇനിയുണ്ടാകാൻ സാധ്യത.
വ്യാപക സംഘർഷം
പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് 24 പർഗാനസിലെ സത്ഗാചിയയിലും ഭവാനിപൂരിലും സംഘർഷമുണ്ടായി. ബർധമാനിലും ഫാൽത്തയിലും വോട്ട് ചെയ്യാനെത്തിയവരെ കേന്ദ്രസേന മർദിച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സേനയുടെ ലാത്തിച്ചാർജിൽ കുഞ്ഞിന് പരിക്കേറ്റതായും അമിത് ഷായുടെ നിർദ്ദേശപ്രകാരം കേന്ദ്രസേന സാധാരണക്കാരെ വേട്ടയാടുകയാണെന്നും മഹുവ മൊയിത്ര എംപി കുറ്റപ്പെടുത്തി. നാദിയ ജില്ലയിലെ ചപ്രയിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ തോക്കുമായെത്തിയ സംഘം ആക്രമണം നടത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, പൂർബ ബർധമാനിലെ കേതുഗ്രാം മണ്ഡലത്തിൽ ചാക്കിൽ നിറച്ച നിലയിൽ ബോംബുകൾ കണ്ടെടുത്തത് വലിയ പരിഭ്രാന്തി പരത്തി. പലയിടങ്ങളിലും പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവും തുടരുകയാണ്.
