കൊല്‍ക്കത്ത: ബിജെപി പുനഃസംഘടനയില്‍ പ്രതിഷേധിച്ച് വിമത ശബ്ദമുയര്‍ത്തി ബംഗാള്‍ നേതാവ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ രാഹുല്‍ സിന്‍ഹയാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. 40 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തന്നെ മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്കുവേണ്ടി ഒഴിവാക്കിയെന്ന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

പാര്‍ട്ടി തീരുമാനത്തിനെതിരെ ഇപ്പോള്‍ ഒന്നും പറയുന്നില്ല. അടുത്ത പത്തോ പന്ത്രണ്ടോ ദിവസത്തിനുള്ളില്‍ തന്റെ ഭാവി താന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സെക്രട്ടറിയായിരുന്നു സിന്‍ഹ. മുതിര്‍ന്ന നേതാക്കളായ ഉമാ ഭാരതി, റാം മാധവ്, സരോജ് പാണ്ഡെ, മുരളീധര്‍ റാവു എന്നീ പ്രമുഖരെ ഒഴിവാക്കിയാണ് പുതിയ ഭാരവാഹിപ്പട്ടിക പുറത്തിറക്കിയത്. റാം മാധവിന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കിയേക്കും. തെലങ്കാനയില്‍ പാര്‍ട്ടി മുന്നേറ്റത്തിന് പ്രധാന പങ്കുവഹിച്ച നേതാവാണ് മുരളീധര്‍ റാവു. 

രാഹുല്‍ സിന്‍ഹയെ ഒഴിവാക്കുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചതാണ്. സിന്‍ഹക്ക് പകരം വിശ്വഭാരതി പ്രൊഫസറും മുന്‍ തൃണമൂല്‍ എംപിയുമായ ഹസ്രയെയാണ് ബിജെപി പരിഗണിച്ചത്. സംസ്ഥാന ഘടകത്തില്‍പോലും സിന്‍ഹയെ ഉള്‍പ്പെടുത്താത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചു. തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയ മുകുള്‍ റോയിയെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത്. ബംഗാള്‍ അധ്യക്ഷനായി ദിലിപ് ഘോഷ് എത്തിയപ്പോഴാണ് രാഹുല്‍ സിന്‍ഹയെ ദേശീയ സെക്രട്ടറിയാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച പ്രവര്‍ത്തനം അദ്ദേഹത്തില്‍ നിന്നുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പുറത്തായത്.

40 വര്‍ഷമായി ബിജെപി പ്രവര്‍ത്തകനായ സിന്‍ഹ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ വിശ്വസ്തനായിരുന്നു. സംസ്ഥാന പാര്‍ട്ടി പുനഃസംഘടനയിലാണ് രാഹുല്‍ സിന്‍ഹയുടെ പ്രതീക്ഷ. അതിലും പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടുകയോ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്‌തേക്കാം.