ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരിയാണ് ഇറാ ബസു. ബരാക്‌പോര്‍ പൊലീസാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂള്‍ അധ്യാപികയായിരുന്ന ഇറ 2009ലാണ് വിരമിച്ചത്. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപികയാണ് തന്നെ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പുറത്താക്കിയതെന്നാണ് ഇവര്‍ പറയുന്നത്. 

കൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ സഹോദരി ഇറാ ബസു ജീവിക്കുന്നത് ഫുട്പാത്തില്‍. കഴിഞ്ഞ ദിവസം ഇവരെ ഫുട്പാത്തില്‍ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരിയാണ് ഇറാ ബസു. ബരാക്‌പോര്‍ പൊലീസാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂള്‍ അധ്യാപികയായിരുന്ന ഇറ 2009ലാണ് വിരമിച്ചത്. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപികയാണ് തന്നെ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പുറത്താക്കിയതെന്നാണ് ഇവര്‍ പറയുന്നത്. പെന്‍ഷന് അര്‍ഹയാണെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബുദ്ധദേബ് ഭട്ടാചാര്യയുടെ കുടുംബം ചോദ്യത്തോട് പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തില്‍ ഇറാ ബസു പഠിപ്പിച്ച ചിലരാണ് ഇവരെ ഡണ്‍ലോപ് ഫ്‌ലൈ ഓവറിന് താഴെ കണ്ടെത്തിയത്. പിന്നീട് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്ത് എത്തിയെങ്കിലും ഇറ അതെല്ലാം നിരസിച്ചു. വര്‍ഷങ്ങളായി ഫുട്പാത്തിലാണ് ജീവിതമെങ്കിലും ഇവര്‍ ആരില്‍ നിന്നും സഹായം സ്വീകരിച്ചില്ലെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു.

ജോലിയുടെ അവസാന നാളുകളില്‍ കീറിയ വസ്ത്രം ധരിച്ച് ചെരിപ്പിടാതെയായിരുന്നു ഇവര്‍ സ്‌കൂളില്‍ വന്നിരുന്നതെന്ന് ഇവരുടെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രധാനാധ്യാപികയോടൊപ്പമായിരുന്നു താമസം. അവരുടെ മരണ ശേഷം ഫുട്പാത്തിലേക്ക് മാറി. ഇവരുടെ പെന്‍ഷന്‍ രേഖകള്‍ ശരിയാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിനെതിരെ ചില ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona