Asianet News MalayalamAsianet News Malayalam

അഴിമതിക്കേസ്, അറസ്റ്റ്; പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. 

west bengal minister partha chatterjee has been sacked from the cabinet
Author
Kolkata, First Published Jul 28, 2022, 4:22 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മന്ത്രിയെ നീക്കം ചെയ്ത വിവരം പുറത്തുവിട്ടത്. അഴിമതികേസില്‍ പാര്‍ത്ഥയെയും സുഹൃത്ത് അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ വസതികളില്‍ നിന്ന് 50 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്. 

മന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബംഗാളിൽ നടക്കുന്ന അഴിമതികളിൽ മമതാ ബാനർജി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ചോദ്യം. തൃണമൂലിന്‍റെ അഴിമതിക്കഥകൾ ഒരോന്നായി പുറത്ത് വരികയാണ്. പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മമത തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

ഇഡി കസ്റ്റഡിയിലുള്ള അര്‍പിത മുഖർജി ചോദ്യം ചെയ്യലിനിടെയാണ് ധനശേഖരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്. പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്‍റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപിത പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്‍റെ വീട്ടിൽ വരുമായിരുന്നു. തന്‍റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോ​ഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്നും അർപിത മുഖർജി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. 

മുറിയിൽ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. ബം​ഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റർജിയെ പരിചയപ്പെടുത്തിയത്. 2016 മുതൽ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അർപിത പറഞ്ഞു. പാർത്ഥ ചാറ്റർ‌ജിയെ ഓ​ഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
 

Follow Us:
Download App:
  • android
  • ios