Air pollution : ദില്ലി വായുമലിനീകരണം; നിര്‍ദ്ദേശം നല്‍കുന്നതല്ലാതെ കേന്ദ്രം എന്തുചെയ്തു? വിമര്‍ശനവുമായി കോടതി
മലിനീകരണം തടയുന്നതിനേക്കാൾ പ്രധാനമല്ല സെൻട്രൽ വിസ്ത നിർമ്മാണം. അവിടെ നിന്നും പടരുന്ന പൊടിയുടെ ദൃശ്യങ്ങൾ കാണിക്കാമെന്നും ഹർജിക്കാരൻ വാദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം മറുപടി പറയണമെന്ന് കോടതി ആവശ്യപ്പെട്ടു.

ദില്ലി: ദില്ലിയിലെ വായുമലിനീകരണം (Delhi Air pollution0 തടയാനുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് (supreme court ) കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ (N V Ramana). കേന്ദ്രം സമർപ്പിച്ച സത്യവാങ്ങ്മൂലം പരിശോധിച്ച സുപ്രീംകോടതി മലിനീകരണം നിയന്ത്രിക്കാനുള്ള മുൻ നിർദേശങ്ങൾ നടപ്പിലാക്കാത്തതിൽ സംസ്ഥാനങ്ങളെ വിമർശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം എന്ത് നിർദേശം നൽകിയെന്നും സുപ്രീംകോടതി ആരാഞ്ഞു. സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുന്നതില്‍ ഉപരിയായി കേന്ദ്രം എന്ത് ചെയ്യുന്നുവെന്നും കോടതി ചോദിച്ചു.
- Read Also : Air pollution : ദില്ലിയിലെ വായുമലിനീകരണം ലോകത്തിന് നൽകുന്ന സൂചന എന്ത്? കേന്ദ്രത്തോട് സുപ്രീംകോടതി, വിമര്‍ശനം
നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ നിർദേശിക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നതെന്നും നടപ്പിലാക്കാത്തവർക്കെതിരെ ഇതുവരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ തയ്യാറായില്ല എങ്കിൽ കോടതിക്ക് കർമ്മസമിതി രൂപീകരിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടും കോടതിയുടെ മൂക്കിൻ തുമ്പത്ത് സെൻട്രൽ വിസ്തയുടെ നിർമ്മാണം തുടരുകയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
- Read Also : Delhi Air Pollution| ദില്ലി വായുമലിനീകരണം; കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
മലിനീകരണം തടയുന്നതിനേക്കാൾ പ്രധാനമല്ല സെൻട്രൽ വിസ്ത നിർമ്മാണം. അവിടെ നിന്നും പടരുന്ന പൊടിയുടെ ദൃശ്യങ്ങൾ കാണിക്കാമെന്നും ഹർജിക്കാരൻ വാദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം മറുപടി പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം കോടതിയുടെ നിർദേശങ്ങളെല്ലാം നടപ്പിലാക്കിയതായി ദില്ലി സർക്കാർ അറിയിച്ചു. മലിനീകരണം നിയന്ത്രിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന വിവരം ബുധനാഴ്ച്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകി. വ്യാഴാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.
- Read Also : Delhi Air Pollution| ദില്ലി വായുമലിനീകരണം: അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി