പാറ്റ്ന: ശക്തമായ മഴയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും പ്രളയം നേരിടുകയാണ്. ബിഹാറില്‍ കനത്ത നാശനഷ്ടമാണ് മഴ വരുത്തിവച്ചിരിക്കുന്നത്. പ്രളയം ബാധിതച്ചവരെ കാണാന്‍ പറ്റ്നയിലെ ഒരു ഗ്രാമത്തിലെത്തിയ മുഖ്യമന്ത്രി നിതിഷ് കുമാറിനോട് നാട്ടുകാര്‍ ക്ഷുഭിതരായി. പ്രളയക്കെടുതി നേരിട്ട് വിലയിരുത്താന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. തന്‍റെ സംസ്ഥാനം മാത്രമാണോ പ്രളയം നേരിടുന്നതെന്ന് ചോദിച്ച നിതിഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടു. 

'' രാജ്യത്തെ ഏതെല്ലാം ഭാഗങ്ങളില്‍, ലോകത്ത് എവിടെയെല്ലാം പ്രളയമുണ്ടാകുന്നുണ്ട് ? പാറ്റ്നയിലെ ചില ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മാത്രമാണോ പ്രശ്നം ? അമേരിക്കയില്‍ എന്താണ് സംഭവിച്ചത് ? '' - നിതീഷ് കുമാര്‍ ചോദിച്ചു. 

പ്രളയത്തെ പ്രകൃതി ദുരന്തമെന്ന് വിളിച്ച മുഖ്യമന്ത്രി ശക്ചമായ മഴയും വളര്‍ച്ചയും യാഥാര്‍ത്ഥ്യമാണെന്നും പറഞ്ഞു.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളം പമ്പ് ചെയ്ത് കളയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

36 മണിക്കൂറിന് ശേഷമാണ് പാറ്റ്നയില്‍ മഴ ശമിച്ചത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കുടിവെള്ളവും വൈദ്യുതിയുമടക്കം ലഭിക്കാതായതോടെ ആയിരക്കണക്കിന് പ്രദേശവാസികള്‍ ഒഴിഞ്ഞുപോയി. 42 പേരോളം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.