ഉന്നാവിലെ പെൺകുട്ടി ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിപ്പോരുകയാണ് ഇപ്പോഴും. ജൂലൈ 28-ന്  പെൺകുട്ടി സഞ്ചരിച്ച കാറിൽ ഇടിച്ചുകയറിയ ട്രക്ക് അവളുടെ രണ്ട് ചെറിയമ്മമാരുടെ ജീവനെടുത്തു. പെൺകുട്ടിയും വക്കീലും അതീവഗുരുതരാവസ്ഥയിൽ ഐസിയുവിൽ.

അവൾ നൽകിയ ബലാത്സംഗക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതോടെ പ്രധാനപ്രതികൾ രണ്ടുപേരും ജയിലിലടയ്ക്കപ്പെട്ടിരുന്നു. എന്നിട്ടും, പുറത്തുള്ള അവരുടെ സഹോദരൻ നിരന്തരം കൊല്ലുമെന്ന് ഭീഷണി മുഴക്കാൻ തുടങ്ങിയതോടെയാണ്, പെൺകുട്ടി കഴിഞ്ഞ 12-ന്,  മതിയായ  സംരക്ഷണം നൽകണം എന്നാശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്ക് പരാതികൾ അയച്ചത്. ആ കത്ത് കാണേണ്ടവർ ആരും തന്നെ കാണേണ്ട സമയത്തൊന്നും കണ്ടില്ല. 28-ന് അപകടം നടന്നു. ഈ സംഭവം അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക്, കുറ്റകൃത്യങ്ങളുടെ വിചാരണാ വേളയിൽ മതിയായ സംരക്ഷണം നൽകാനുള്ള പോലീസിന്റെ പ്രാപ്തിയിന്മേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തിയിരിക്കുകയാണ്. 

ബാരാബങ്കി, ഉന്നാവിൽ നിന്നും 92  കിലോമീറ്റർ അകലെയുള്ള ഒരു പട്ടണമാണ്. അവിടത്തെ പൊലീസ് സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ഒരു  ക്യാമ്പ് ആണ് രംഗം. കുട്ടികളെ വിമൺ ഹെൽപ്പ് ലൈൻ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെപ്പറ്റി പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്‌ഷ്യം. അക്രമങ്ങൾ സഹിച്ചിരിക്കാതെ, സമയാസമയത്ത് പൊലീസിൽ പരാതിപ്പെടുക. വേണ്ടനടപടികൾ സത്വരമായി കൈക്കൊള്ളാൻ കുട്ടികൾക്ക് പ്രേരണ നൽകുക. പോലീസിനെ വിശ്വാസത്തിലെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നൊക്കെ ഉദ്ദേശിച്ചു നടത്തുന്ന ക്യാമ്പ് ആണ്. ബാരാബങ്കി ജില്ലാ പൊലീസിലെ ഒരു സംഘം ഉദ്യോഗസ്ഥർ ഈ ക്യാമ്പിൽ ക്‌ളാസ്സെടുക്കാൻ വേണ്ടി ആനന്ദഭവൻ സ്‌കൂളിൽ എത്തി. അവിടെ വെച്ച് ഒരു പെൺകുട്ടി പോലീസിനോട് ഒരു ചോദ്യം ചോദിച്ചു. ഒരു ഒന്നൊന്നര ചോദ്യം. ഉത്തരം മുട്ടി വായും പൊളിച്ചിരുന്നുപോയി പോലീസ് ആ ചോദ്യത്തിനുമുന്നിൽ. 
 

ഇതായിരുന്നു ആ കുട്ടി ചോദിച്ച ചോദ്യം : 

" അങ്ങ് പറഞ്ഞല്ലോ, ഞങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയാൽ ഈ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പൊലീസിൽ അറിയിക്കണം എന്ന്. ഞങ്ങൾ ആരെപ്പറ്റിയാണോ പരാതി പൊലീസിൽ പറയുന്നത് അവർക്ക് ഈ വിവരം ചോർന്നുകിട്ടില്ല എന്ന് എന്താണുറപ്പ്..? അങ്ങനെ വന്നാൽ, അവർ ഞങ്ങൾക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോയാൽ, പൊലീസ് ഞങ്ങളുടെ സംരക്ഷണത്തിനുണ്ടാകുമോ. ?

നമ്മുടെ നേരെ ഒരു അതിക്രമം ഉണ്ടായാൽ അത് ആരു ചെയ്തു എന്ന് നോക്കി പ്രതികരിക്കേണ്ട ഗതികേടല്ലേ ഇപ്പോൾ ഉള്ളത്. നമ്മളെ ഉപദ്രവിച്ചത് ഒരു സാധാരണക്കാരനാണെങ്കിൽ ശരി. പക്ഷേ, ചെയ്തയാൾ സ്വാധീനമുള്ള ആളാണെങ്കിൽ പരാതിപ്പെടുന്നത് നമ്മൾ കൂടുതൽ അപകടത്തിൽ ചെന്നുപെടാൻ കാരണമാവില്ലെന്ന് ഉറപ്പുണ്ടോ..?  പരാതിപ്പെട്ടുകഴിഞ്ഞാൽ ഞങ്ങൾ സേഫായിരിക്കുമെന്നു പൊലീസിന് ഉറപ്പു തരാൻ പറ്റുമോ..? 

അങ്ങനെ അതിക്രമങ്ങളെ എതിർക്കുന്നതിലൂടെ എനിക്ക് ന്യായം കിട്ടുമോ ? എനിക്ക് നല്ല സംശയമുണ്ട്. ഇപ്പോൾ ഉന്നാവിലെ കേസിൽ തന്നെ നോക്കൂ.. അവരെ വന്നിടിച്ച ട്രാക്കിന്റെ നമ്പർ പ്ലെയ്റ്റ് മറച്ചിരുന്നു. അത് ഒരു ആക്സിഡന്റ്റ് അല്ലായിരുന്നു എന്ന് ഞങ്ങൾക്കൊക്കെ അറിയാം.. അവരോട് അതിക്രമം പ്രവർത്തിച്ച എംഎൽഎയും സഹോദരനും ജയിലിനുള്ളിൽ കിടന്നിട്ടും, അവരെ ഇങ്ങനെ ട്രക്കിടിച്ച് ജീവച്ഛവമാക്കിയില്ലേ ? ഞാൻ പരാതി പറഞ്ഞാൽ എന്നെയും ഇതുപോലെ ട്രക്കിടിച്ച് കൊല്ലില്ലെന്ന് ഉറപ്പുണ്ടോ ? "

പോലീസ് ടീമിന്റെ കയ്യിൽ പെൺകുട്ടിയുടെ ഈ ചോദ്യത്തിനുള്ള മറുപടി ഇല്ലായിരുന്നു. 'ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ പരാതിക്ക് പരിഹാരമുണ്ടാകും 'എന്നുള്ള ഒരു ഒഴുക്കൻ മറുപടിപറഞ്ഞ് ഏറെ പ്രസക്തമായ ആ ചോദ്യത്തെ അവർ ഒഴിവാക്കി. അല്ല, പറയാൻ വിശേഷിച്ച് മറുപടികളോ അല്ലെങ്കിൽ നടപടികൾ സ്വീകരിച്ചതിന്റെ തെളിവുകളോ ഒന്നുമൊട്ടില്ലതാനും. 

പോലീസ് ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനായി പല വിധത്തിലുള്ള ജനസമ്പർക്ക പരിപാടികൾ നടത്താറുണ്ട്. കുറ്റകൃത്യങ്ങൾ യഥാസമയം റിപ്പോർട്ടുചെയ്യപ്പെടാൻ വേണ്ടി  പല തരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളും ഒരുക്കാറുണ്ട്. എന്നാൽ, അതിലൊക്കെ ഉപരിയായി അവർ വെച്ചുപുലർത്തേണ്ട ഒന്നുണ്ട്, നീതിന്യായ വ്യവസ്ഥയോടും അതിന്റെ ഭാഗമായ പൊതുജനങ്ങളോടുമുള്ള ഒരു പ്രതിബദ്ധത. അതില്ലാതെ സംഘടിപ്പിക്കപ്പെടുന്ന ഏതൊരു പോലീസ് സംവിധാനത്തിനും ഇത്തരത്തിൽ കൊച്ചുകുട്ടികളുടെ വായിൽ നിന്ന് പുറപ്പെടുന്ന ഏറെ നിഷ്കളങ്കമായ ചോദ്യങ്ങൾക്കു മുന്നിൽപ്പോലും ഉത്തരം മുട്ടി നിൽക്കേണ്ടി വരും..!