ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ ലോക്ക്ഡൗണിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനുള്ള വഴി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അധികാരം പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് കൈമാറുന്നതുമില്ല. നിലവിലെ നിയന്ത്രണങ്ങളെല്ലാം നീക്കാൻ രണ്ടു മാസമെങ്കിലും വേണ്ടി വരും എന്നാണ് കണക്കുകൂട്ടൽ. 

മാർച്ച് ഇരുപത്തിയഞ്ചിന് ലോക്ക്ഡൗൺ ആദ്യം പ്രഖ്യാപിച്ചപ്പോൾ കേന്ദ്രസർക്കാർ മുന്നോട്ടു വച്ചത് 21 ദിവസത്തെ ലക്ഷ്യമായിരുന്നു. പിന്നീട് അത് എഴുപത് ദിവസമായി ഉയർന്നു. ഇപ്പോൾ അൺലോക്ക് എന്ന പേരിൽ രാജ്യം തുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുമ്പോഴും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.  കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസും ഉയരുകയാണ്. ഇത് എവിടെയെത്തി നില്ക്കും എന്ന് സർക്കാരിനും അറിയില്ല. 

തിങ്കളാഴ്ച മുതൽ ജനങ്ങൾക്ക് രാജ്യത്ത് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണം നീങ്ങുകയാണ്. ടൂറിസം മേഖലയും ആരാധനാലയങ്ങളും അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയെങ്കിലും എല്ലാ അധികാരങ്ങളും സംസ്ഥാനങ്ങൾക്ക് കൈമാറുന്നില്ല എന്നതാണ് സ്ഥിതി. പൊതു നിയന്ത്രണങ്ങൾ കേന്ദ്രം തന്നെ തീരുമാനിക്കും. രോഗബാധ കൂടുതലുള്ള മേഖലകളിൽ ഇടപെടാനുള്ള അധികാരവും കേന്ദ്രത്തിനു തന്നെയാണ്. 

കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുമ്പോഴും രാജ്യത്ത് സ്ഥിതി നിയന്ത്രണവിധേയമാണ് എന്ന സന്ദേശം നല്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. രാജ്യം നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സർക്കാർ കൂടുതൽ ശ്രദ്ധ നൽകുകയാണ് എന്ന വിലയിരുത്തലും വന്നുകഴിഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ലോക്ക്ഡൗൺ 15 ദിവസത്തേക്ക് നീട്ടിയതിനു പിന്നാലെയാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കാം എന്ന നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്. വൈറസിനൊപ്പം ജീവിക്കാം എന്ന് ധൈര്യപൂർവ്വം പ്രഖ്യാപിച്ച് കേന്ദ്രം നടത്തുന്നത് വലിയൊരു ചൂതാട്ടമാണെന്ന് സാരം. എന്തായാലും ഈ കേന്ദ്രം നടത്തുന്ന ഈ ഞാണിന്മേൽ കളിയുടെ ഫലമറിയാൻ ഒരുമാസമെങ്കിലും കാത്തിരിക്കണം.