തിരുവനന്തപുരം: ബാലാകോട്ടിലെ ഭീകരകേന്ദ്രം പൂർണ്ണമായി തകർക്കാൻ  ഇന്ത്യക്കായെങ്കിലും എത്രത്തോളം നാശനഷ്ടം അവിടെ ഉണ്ടാക്കാനായി എന്നതിന്‍റെ കൃത്യമായ കണക്ക് എന്താകും? വ്യോമസേനാ ട്രയിനിംഗ് കമാൻഡ് മുൻ മേധാവിഎയർ മാർഷൽ എസ്ആർകെ നായർ വിശദീകരിക്കുന്നു.

300 മുതൽ 350 ഭീകരർ വരെ ബാലാകോട്ടിൽ മരിച്ചിട്ടുണ്ടാകാം എന്നത് ഏകദേശ കണക്കാണ്. അത് മിലിറ്ററി ഇന്‍റലിജൻസ് വഴി ശേഖരിച്ചതാകണം. ഒരു സൈനികാക്രമണം കഴിഞ്ഞാൽ സായുധസേനകൾ ബാറ്റിൽ ഡാമേജ് അസെസ്മെന്‍റ്  എന്നൊരു പ്രക്രിയ നടത്താറുണ്ട്. അതിന്‍റെ ഫലം വരുമ്പോൾ കുറച്ചുകൂടി കൃത്യമായ കണക്കുകൾ ലഭിക്കും. എന്നാൽ നാശനഷ്ടത്തിന് കൃത്യം കണക്ക് ഒരിക്കലും അറിയാനാകില്ലെന്ന് എയർ മാർഷൽ എസ്ആർകെ നായർ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചക്കിടെ ആയിരുന്നു എയർ മാർഷലിന്‍റെ വിശദീകരണം.

ഭീകരക്യാമ്പിലെ സൗകര്യങ്ങൾ, അവിടെ ഉണ്ടാവാനിടയുള്ള ആളുകളുടെ ഏകദേശം എണ്ണം, മറ്റ് വിശദാംശങ്ങൾ സംബന്ധിച്ച ഉപഗ്രഹ വിവരങ്ങൾ, ഇന്‍റലിജൻസ് റിപ്പോർട്ടുകൾ എന്നിവ ആക്രമണത്തിന് മുമ്പുതന്നെ സൈന്യം ശേഖരിച്ചിട്ടുണ്ടാകും. വ്യോമാക്രമണത്തിന്‍റെ തീവ്രതയും അതുണ്ടാക്കിയ നാശവും അതോടൊപ്പം കണക്കുകൂട്ടും. 300 അല്ലെങ്കിൽ 350 മരണം ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോഴും ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. മിലിട്ടറി ഇന്‍റലിജൻസിന്‍റെ ഏകദേശ കണക്കാണ് ഇപ്പോൾ മാധ്യമങ്ങൾ വഴി പുറത്തുവന്നത്.

സൈനിക ആക്രമണം നടത്തുന്നതിനൊപ്പം തന്നെ അതിന്‍റെ ദൃശ്യങ്ങളും സൈന്യം ശേഖരിക്കാറുണ്ട്. ഈ ദൃശ്യങ്ങളോടൊപ്പം ദ്രോൺ വിമാനങ്ങൾ, ഉപഗ്രഹചിത്രങ്ങൾ, സൈന്യത്തിന്‍റെ ഇന്‍റലിജൻസ് എന്നിവയെല്ലാം ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങളും ചേർത്താണ് ബാറ്റിൽ ഡാമേജ് അസെസ്മെന്‍റ്  നടത്തുക. ആ വിശകലനം ഇപ്പോൾ തീർച്ചയായും നടക്കുന്നുണ്ടാകും. എന്നാൽ അങ്ങനെ കണക്കുകൂട്ടുന്ന വിവരങ്ങൾ സർക്കാർ പുറത്തുവിട്ടാൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്‍റെ ഏകദേശ ചിത്രം പുറത്തുവരും. യഥാർത്ഥ നാശനഷ്ടത്തിന്‍റെ കണക്ക് പാകിസ്ഥാൻ ഒരിക്കലും പുറത്തുവിടില്ല. അതുകൊണ്ട് കൃത്യം കണക്ക് ഒരിക്കലും കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.