Asianet News MalayalamAsianet News Malayalam

ചീറ്റകളെ ജനങ്ങൾക്ക് എപ്പോൾ കാണാം? പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ...

"ഇന്ത്യയിലേക്ക് ചീറ്റകൾ മടങ്ങിയെത്തിയതിൽ രാജ്യമെമ്പാടും നിന്ന് ജനങ്ങൾ സന്തോഷം അറിയിച്ചതിൽ അതിയായ ആശ്ചര്യമുണ്ട്. 130 കോടി ഇന്ത്യക്കാരും സന്തോഷത്തിലാണ്, അഭിമാനത്തിലാണ്. ഇതാണ് ഇന്ത്യക്ക് പ്രകൃതിയോടുള്ള സ്നേഹം." മോദി കൂട്ടിച്ചേർത്തു. 

when can people see cheetahspm modis reply is as follows
Author
First Published Sep 26, 2022, 10:17 AM IST

ദില്ലി: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളെ പൊതുജനങ്ങൾക്ക് എപ്പോൾ മുതലാണ് കാണാനാവുക എന്ന ചോദ്യത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ചീറ്റകളെ നിരീക്ഷിക്കാൻ നിയോ​ഗിച്ച ടാസ്ക് ഫോഴ്സിന്റെ ശുപാർശ അനുസരിച്ച് ഇക്കാര്യം തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി.

"സുഹൃത്തുക്കളേ, ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ചീറ്റകൾ ഇവിടുത്തെ സാഹചര്യങ്ങളുമായി എത്രത്തോളം ഇണങ്ങിയെന്ന് അവർ നീരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറച്ചുമാസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ചീറ്റകളെ കാണാനാവുക". മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യയിലേക്ക് ചീറ്റകൾ മടങ്ങിയെത്തിയതിൽ രാജ്യമെമ്പാടും നിന്ന് ജനങ്ങൾ സന്തോഷം അറിയിച്ചതിൽ അതിയായ ആശ്ചര്യമുണ്ട്. 130 കോടി ഇന്ത്യക്കാരും സന്തോഷത്തിലാണ്, അഭിമാനത്തിലാണ്. ഇതാണ് ഇന്ത്യക്ക് പ്രകൃതിയോടുള്ള സ്നേഹം." മോദി കൂട്ടിച്ചേർത്തു. 

Read Also: ചീറ്റപ്പുലികളുടെ സംരക്ഷണം ഏറ്റെടുത്ത് സിദ്ധ്നാഥും ലക്ഷ്മിയും; എന്താണ് ഈ ആനകൾ ചെയ്യുന്നത്?

നമീബിയയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കണമെന്നും  നരേന്ദ്രമോദി ഇന്നലെ മൻ കി ബാത്തിൽ പറഞ്ഞിരുന്നു .രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേരായിരിക്കണം നിർദ്ദേശിക്കുന്നത്. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിർദ്ദേശങ്ങൾ നൽകാം.മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം  മന്‍ കി ബാത്തിൽ പറഞ്ഞിരുന്നു. 

എട്ട് ചീറ്റപ്പുലികളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍   തുറന്നുവിട്ടത്. തുറന്നുവിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക.  നമീബിയയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം  സെപ്തംബർ 17ന് ​ഗ്വാളിയോർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്‍റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. 

അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ്   ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. 70 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ചീറ്റകളെത്തിയിരിക്കുന്നത്.  1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിച്ചത്.

Read Also: കടുവ മുഖം, മാറി വന്ന ഉടമസ്ഥർ, പ്രത്യേകതകൾ ഏറെ; അറിയാം ചീറ്റകളെ എത്തിച്ച ബോയിങ് 747-400 വിമാനത്തെക്കുറിച്ച്

Follow Us:
Download App:
  • android
  • ios