ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയെ ചലച്ചിത്ര നിർമ്മാതാവ് രാകേഷ് റോഷൻ എന്ന് തെറ്റായി പരാമർശിച്ച് ദിവസങ്ങൾക്ക് ശേഷം മമത ബാനര്‍ജിക്ക് വീണ്ടും നാക്ക് പിഴച്ചത്
കൊല്‍ക്കത്ത: ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വീണ്ടും അബദ്ധം പിണഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയെ ചലച്ചിത്ര നിർമ്മാതാവ് രാകേഷ് റോഷൻ എന്ന് തെറ്റായി പരാമർശിച്ച് ദിവസങ്ങൾക്ക് ശേഷം മമത ബാനര്‍ജിക്ക് വീണ്ടും നാക്ക് പിഴച്ചത്. ഇത്തവണ മുൻ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി ചന്ദ്രനില്‍ പോയെന്നാണ് മമത പറഞ്ഞത്.
ഇന്ദിരാ ഗാന്ധി സർക്കാരിന്‍റെ കാലത്ത് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രയെ കുറിച്ച് സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. 'ചന്ദ്രനിൽ എത്തിയ ഇന്ദിരാ ഗാന്ധി രാകേഷിനോട് ഹിന്ദുസ്ഥാൻ (ഇന്ത്യ) അവിടെ നിന്ന് എങ്ങനെ കാണപ്പെടുന്നുവെന്ന് ചോദിച്ചു. 'സാരെ ജഹാൻ സേ അച്ഛാ' (ലോകത്തിലെ ഏറ്റവും മികച്ചത്) എന്നാണ് അദ്ദേഹം മറുപടി' നൽകിയെന്ന് മമത പറഞ്ഞു. 2023ലെ തൃണമൂൽ ഛത്ര പരിഷത്ത് (ടിഎംസിപി) സ്ഥാപക ദിന റാലിയെ അഭിസംബോധന ചെയ്യവേയാണ് മമതയുടെ പരാമര്‍ശം.
നേരത്തെ, ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിജയത്തിന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനിടെ രാകേഷ് ശർമ്മയെ രാകേഷ് റോഷൻ എന്ന് പരാമർശിച്ചതിന് മമത ബാനർജി വിമർശിക്കപ്പെട്ടിരുന്നു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചാണ് മമതയുടെ പ്രതികരണം. തൃണമൂൽ കോണ്‍ഗ്രസിന്‍റെ യുവജന വിഭാഗത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ബിജെപിയെ മൂന്നാം തവണയും തെരഞ്ഞെടുത്താല്‍ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മമത ബാനര്‍ജി വോട്ടര്‍മാരോട് പറഞ്ഞു. ബിജെപിക്ക് മമത മുന്നറിയിപ്പ് നൽകിയതിങ്ങനെ- "ഇടത് മുന്നണിയെ ബംഗാളിൽ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ഞങ്ങളവരെ നീക്കി. ബിജെപിയെ കേന്ദ്രത്തിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ... ഞങ്ങൾ അത് ചെയ്യും. ഇന്ന് ബി.ജെ.പിക്ക് മാത്രമാണ് സ്വാതന്ത്ര്യം. മറ്റാർക്കും സംസാരിക്കാൻ സ്വാതന്ത്ര്യമില്ല. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അവര്‍ ഭരണഘടന തന്നെ മാറ്റും."
