ദില്ലി ജെഎന്‍യു സര്‍വകലാശാല ചരിത്രപരമായ ഒരു സമരത്തിന് വീണ്ടും സാക്ഷ്യം വഹിക്കുകയാണിപ്പോള്‍. ഫീസ് വര്‍ധനവടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ കാമ്പസിനകത്ത് നടത്തിയ സമരം പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. വിസിയുടെ രാജിയടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടുള്ള സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികളുടെ വന്‍ പങ്കാളിത്തത്തോടെ ഇടത് വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഒരു പഴയകാല സംഭവത്തെ ഓര്‍മപ്പെടുത്തുന്നതാണ്.

1975-77 വരെയുള്ള അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി  തോറ്റു. അന്ന് ജെഎന്‍യു സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായിരുന്നു ഇന്ധിരാ ഗാന്ധി. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും ഇന്ദിര ജെഎന്‍യു ചാന്‍സലറായി തുടര്‍ന്നു.  സര്‍വകലാശാല വൈസ് ചന്‍സിലറായ ഡോ. ബിജി നാഗചൗധരിയുടെ രാജി ആദ്യം തന്നെ സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.  അടിയന്തരാവസ്ഥ കാലത്തെ ക്രമിനലുകള്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങള്‍.

സമരത്തിന് നേതൃത്വം നല്‍കിയതാവട്ടെ ഇന്നത്തെ സപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയും.  കടുത്ത സമരങ്ങള്‍ക്ക് ജെഎന്‍യു സാക്ഷ്യം വിഹിച്ചു. തുടര്‍ന്ന് അഞ്ഞൂറിലധികം വരുന്ന പ്രവര്‍ത്തകരുമായി ജെഎന്‍യു കാംപസില്‍ നിന്ന് ഇന്ധിരയുടെ വീട്ടിലേക്ക് യെച്ചൂരി സമരം നയിച്ചു. വീടിന് മുമ്പില്‍ ഘോരഘോരം മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് 15 മിനുട്ടിന് ശേഷം ഇന്ദിരാ ഗാന്ധി ഇറങ്ങിവന്നു. 

അടിയന്തരാവസ്ഥ കാലത്ത ആഭ്യന്തരമന്ത്രിയായിരുന്ന,  വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയ  ഓം മേത്തയും മറ്റ് രണ്ടുപേരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങി വന്ന അവര്‍ ആ മുദ്രാവാക്യങ്ങള്‍ കേട്ടു. തുടര്‍ന്ന് സീതാറാം യെച്ചൂരി ആവശ്യങ്ങല്‍ ഉന്നയിച്ചു.  ഇംഗ്ലീഷില്‍ തന്മയത്തത്തോടെ  യെച്ചൂരിയുടെ അവതരണം ആരംഭിച്ചു. ആദ്യ ഖണ്ഡികയില്‍ തന്നെ അടിയന്തരാവസ്ഥാ കാലത്ത് ഗവണ്‍മെന്‍റ് ജനങ്ങളോട് കാട്ടിയ ക്രൂരതയെ കുറിച്ചായിരുന്നു.  ഒരു ദൃശ്യഭാഷയിലെന്നപോലെ ഇക്കാര്യങ്ങള്‍ യെച്ചൂരി വിശദീകരിച്ചു തുടങ്ങി.

പുഞ്ചിരിച്ചുകൊണ്ട് വന്ന ഇന്ദിരയുടെ മുഖത്ത് ഭാവമാറ്റം കണ്ടുതുടങ്ങി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ എഴുതിയ മെമ്മോറാണ്ടം വായിച്ച് പൂര്‍ത്തിയാക്കും മുമ്പ് ഇന്ദിര തിരിച്ച് വീട്ടിലേക്ക് പോയി. ദേഷ്യഭാവത്തിലായിരുന്നു മടക്കം.  യെച്ചൂരിയുടെ പ്രസംഗവും മുദ്രാവാക്യം വിളിയും പൂര്‍ത്തിയാക്കി മെമ്മോരാണ്ടം വീട്ടുപടിക്കല്‍ ഉപേക്ഷിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. സംഭവത്തിന്‍റെ തൊട്ടടുത്ത ദിവസം ഇന്ദിരാ ഗാന്ധി ജെഎന്‍യുവിന്‍റെ ചാന്‍സലര്‍ പദവി രാജിവയ്ക്കുകയും ചെയ്തു.