Asianet News MalayalamAsianet News Malayalam

'കശ്മീരിൽ എവിടെ നിയന്ത്രണങ്ങൾ?', പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ

''ജമ്മു കശ്മീരിൽ എവിടെ നിയന്ത്രണങ്ങൾ? ഒക്കെ നിങ്ങളുടെ മനസ്സിലെ തോന്നലാണ്. അവിടെ നിയന്ത്രണങ്ങളില്ല. ഉണ്ടെന്ന വ്യാജപ്രചാരണങ്ങളാണ് പരക്കുന്നത് മുഴുവൻ'', എന്ന് ദേശസുരക്ഷയെക്കുറിച്ച് ദില്ലിയിൽ നടന്ന ഒരു സെമിനാറിൽ അമിത് ഷാ. 

where are the restrictions in jammu kashmir asks amit shah
Author
New Delhi, First Published Sep 30, 2019, 7:12 AM IST

ദില്ലി: ജമ്മു കശ്മീരിൽ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവിടെ സ്ഥിതി ശാന്തമാണ്. പ്രതിപക്ഷം ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ് രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര പിന്തുണയുണ്ടെന്നും, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നതിൽ അവർക്ക് ആർക്കും തർക്കമില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. 

കശ്മീരിലെ 196 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പിൻവലിച്ചെന്ന് അമിത് ഷാ പറഞ്ഞു. അക്രമമുണ്ടായേക്കാമെന്ന് മുന്നറിയിപ്പുള്ള ഒമ്പത് പൊലീസ് സ്റ്റേഷൻ പരിധികളിൽ മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലവിലുള്ളത്. ഇവിടെ മാത്രമാണ് വലിയ പ്രകടനങ്ങൾ നടത്തുന്നതിന് അനുമതി നിഷേധിച്ചിട്ടുള്ളതെന്ന് അമിത് ഷാ.

''എവിടെയാണ് ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ? എല്ലാം നിങ്ങളുടെ മനസ്സിലാണ്. അവിടെ സ്ഥിതി ശാന്തമാണ്. ഒരു നിയന്ത്രണങ്ങളുമില്ല'', അവിടത്തെ സ്ഥിതിയെക്കുറിച്ച് വ്യാജപ്രചാരണങ്ങളാണ് പ്രതിപക്ഷം പറഞ്ഞുപരത്തുന്നതെന്നും അമിത് ഷാ.

''കശ്മീരിൽ ആർക്കും എവിടേയ്ക്കും സന്ദർശിക്കാം. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ കശ്മീർ സന്ദർശിച്ച് മടങ്ങുന്നു'', എന്ന് അമിത് ഷാ. 

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ഇന്ത്യക്കെതിരെ ഒരു ലോകനേതാക്കളും കശ്മീർ വിഷയം ഉന്നയിക്കാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രവിജയമാണെന്ന് അമിത് ഷാ. മിക്ക പേരും കശ്മീരിൽ സ്വീകരിച്ച നീക്കത്തെ സ്വാഗതം ചെയ്തു. ''ന്യൂയോർക്കിൽ എല്ലാ ലോകനേതാക്കളും ഏഴ് ദിവസം ഒന്നിച്ചുണ്ടായിരുന്നു, ഒരു നേതാവ് പോലും കശ്മീർ പ്രശ്നമുന്നയിച്ചില്ല. ഇത് വലിയ നയതന്ത്രവിജയമാണ്'', എന്ന് അമിത് ഷാ.

370-ാം വകുപ്പ് എടുത്തുകളഞ്ഞത് ഇന്ത്യയുടെ ഐക്യത്തിന് സഹായിക്കുമെന്ന് പറഞ്ഞ ഷാ, കശ്മീരിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്നും പറഞ്ഞു. 

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി താഴ്‍വരയിലേക്ക് ആയിരക്കണക്കിന് സൈനികരെ കേന്ദ്രസർക്കാർ വിന്യസിച്ചിരുന്നു. സംസ്ഥാനത്തെ ഇന്‍റർനെറ്റ്, മൊബൈൽ ബന്ധം വിച്ഛേദിക്കുകയും രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പാർലമെന്‍റിലെത്തി അമിത് ഷാ ഈ പ്രഖ്യാപനം നടത്തുന്നതും ഓർഡിനൻസായി ഇറക്കി പാസ്സാക്കി രാഷ്ട്രപതിയെക്കൊണ്ട് ഒപ്പുവപ്പിയ്ക്കുന്നതും. 

കശ്മീർ പ്രശ്നം പല തവണ പാകിസ്ഥാൻ പല അന്താരാഷ്ട്ര വേദികളിലും ഉന്നയിച്ചെങ്കിലും പല ലോകനേതാക്കളും അനുകൂലപ്രതികരണം നടത്തിയില്ല. 

Follow Us:
Download App:
  • android
  • ios