കൊടുംകുറ്റവാളി വികാസ് ദുബെയുടെ അറസ്റ്റിൽ ഉത്തർപ്രദേശിൽ രാഷ്ട്രീയ പോര് മുറുകുന്നു.

ദില്ലി: കൊടുംകുറ്റവാളി വികാസ് ദുബെയുടെ അറസ്റ്റിൽ ഉത്തർപ്രദേശിൽ രാഷ്ട്രീയ പോര് മുറുകുന്നു. ദുബൈയെ ഇത്രയും കാലം ആരാണ് സംരക്ഷിച്ചതെന്നും ഇയാൾക്കെതിരെ ക്രമിനിൽ നടപടി സ്വീകരിക്കാതെയിരുന്നതും സിബിഐ അന്വേഷിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. 

ഉത്തർപ്രദേശ് പൊലീസ് കൊലപ്പെടുത്തുമെന്ന് ഭയന്ന് മധ്യപ്രദേശ് ബിജെപി നേതാവിന്റെ സഹായത്തോടെ വികാസ് ദുബൈ നടത്തിയ കീഴടങ്ങൽ നാടകമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചു.

എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്ത‍ർപ്രദേശിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെയെ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിൽ നിന്നും പിടികൂടിയത്. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 

രാവിലെ എട്ട് മണിയോടെ മഹാകാൾ ക്ഷേത്രത്തിൽ ദ‍ർശനം നടത്തി പുറത്തേക്കിറങ്ങിയ ദുബെയെ ക്ഷേത്രപരിസരത്തെ ഒരു കടയുടമയാണ് തിരിച്ചറിഞ്ഞതെന്നായിരന്നു പുറത്തുവന്ന വിവരം. മാധ്യമവാ‍ർത്തകളിലൂടെ കണ്ടു പരിചയമുള്ള ദുബെയെ തിരിച്ചറിഞ്ഞ കടയുടമ വിവരം സുരക്ഷാജീവനക്കാരെ അറിയിക്കുകയായിരുന്നു.

സുരക്ഷാജീവനക്കാർ ഇയാളെ തടഞ്ഞ് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഇയാൾ ഒരു വ്യാജതിരിച്ചറിയൽ കാ‍ർഡ് കാണിച്ചെങ്കിലും വിട്ടയക്കാൻ സുരക്ഷാജീവനക്കാ‍ർ തയ്യാറാവാതിരുന്നതോടെ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇയാളേയും കൂട്ടാളികളായ രണ്ടു പേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.