രാജ്യത്തെ പരമോന്നത കോടതിയെ നയിക്കുന്ന ആദ്യ വനിത എന്ന പദവിയാണ് ജസ്റ്റിസ് ബി വി നാഗരത്നയെ കാത്തിരിക്കുന്നത്. 


നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വാദം കേട്ട സുപ്രീം കോടതിയിലെ അഞ്ചംഗം ബഞ്ചില്‍ നാല് പേരും കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെ ശരിവച്ചപ്പോള്‍ വിയോജന കുറിപ്പെഴുതി ശ്രദ്ധേയയായത് അഞ്ചംഗ ഭരണഘടന ബഞ്ചിലെ ഏക വനിതാ അംഗം ജസ്റ്റിസ് ബി വി നാഗരത്ന. നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്നായിരുന്നു ഭൂരിപക്ഷ വിധിയില്‍ ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കിയത്. അതിനാൽ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി. എന്നാല്‍, നടപടി ക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് രേഖപ്പെടുത്തുകയായിരുന്നു ജസ്റ്റിസ് ബി വി നാഗരത്ന. അതോടൊപ്പം പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ലെന്നും ജസ്റ്റിസ് രേഖപ്പെടുത്തി. ഈ ഒരൊറ്റ വിയോജന കുറിപ്പോടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് ജസ്റ്റിസ് ബി വി നാഗരത്ന. 

കർണാടക ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്നും 2021 ലാണ് ജസ്റ്റിസ് നാഗരത്ന സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെടുന്നത്. മുൻ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ജസ്റ്റിസ് ബി വി നാഗരത്‌നയെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യുന്നതും പിന്നീട് ഈ തീരുമാനം കേന്ദ്രം അംഗീകരിക്കുകയും ചെയ്യുന്നത്. സുപ്രീം കോടതിയിലെ സീനിയോറിറ്റി കണക്കിൽ എടുത്താൽ ജസ്റ്റിസ് ബി വി നാഗരത്‌ന 2027 -ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. രാജ്യത്തെ പരമോന്നത കോടതിയെ നയിക്കുന്ന ആദ്യ വനിത എന്ന പദവിയാണ് ജസ്റ്റിസ് ബി വി നാഗരത്നയെ കാത്തിരിക്കുന്നത്. 

1962 ഒക്ടോബര്‍ 30 ന് കര്‍ണാടകയിലെ പാണ്ഡവപുരയിലാണ് ബി വി നാഗരത്‌നയുടെ ജനനം. 1989 ജൂണ്‍ മുതല്‍ 1989 ഡിസംബര്‍ വരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ എസ് വെങ്കടരാമയ്യരാണ് പിതാവ്. ബെംഗളൂരുവില്‍ അഭിഭാഷകയായാണ് ബി വി നാഗരത്‌ന തന്‍റെ ഔദ്ധ്യോഗിക നിയമ ജീവിതം ആരംഭിക്കുന്നത്. 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതയായതോടെ ന്യായാധിപ രംഗത്തേക്ക് കടന്നു. തുടര്‍ന്ന് 2010 ല്‍ സ്ഥിരം ജഡ്ജിയായി നിയമിതയായി.

1989-ല്‍ ആറ് മാസമായിരുന്നു പിതാവ് ഇ എസ് വെങ്കടരാമയ്യ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതെങ്കില്‍ വെറും 36 ദിവസം മാത്രമായിരിക്കും ബി വി നാഗരത്‌നയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തെ കാലാവധി. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ദിനങ്ങൾ കൂടിയാകും ആ ദിവസങ്ങൾ എന്ന് ഉറപ്പിക്കുന്നത് കൂടിയാണ് ഇന്നത്തെ വിയോജന കുറിപ്പ്. അതിന് അടിവരയിടുന്നതാണ് സുപ്രിം കോടതി ജഡ്ജിയായിരിക്കെ അവര്‍ കൈക്കൊണ്ട കർശന നിലപാട്. നിലപാടുകളിലെ ഈ നിശ്ചയദാര്‍ഢ്യം കൊണ്ട് പലകുറി നാഗരത്ന വാർത്തകളിൽ ഇടം നേടി. 

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടലിന് പരിധിയുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. എന്നാൽ, ലക്ഷമണരേഖ അറിയാമെന്നും കൈകൂപ്പി നോക്കി നിൽക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന വാദത്തിനിടെ പറഞ്ഞത് രാജ്യത്ത് ഏറെ ചർച്ചയായി. ഒടുവില്‍, ഭിന്നവിധിയിലും കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടിനെ ജസ്റ്റിസ് നാഗരത്ന നിയമ വിരുദ്ധമാണെന്ന് കുറിച്ചു. ഒപ്പം റിസർവ് ബാങ്കിന്‍റെ അഭിപ്രായം സ്വതന്ത്രമായിരിക്കണമെന്നും വിധിച്ചു. 

കഴിഞ്ഞ ഒക്ടോബറിൽ കേരളത്തിലെ മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേവേ ഫ്ളാറ്റുകള്‍ വാങ്ങിയവരും നിര്‍മ്മാതാക്കൾ, അധികൃതർ എന്നിവരെ പോലെ തന്നെ തുല്യ ഉത്തരവാദികളാണെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു. ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ നിരക്ഷരരല്ലല്ലോ എന്നും അവര്‍ അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് സ്വയം ചിന്തിക്കണമായിരുന്നുവെന്നും ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കിയിരുന്നു. 2009 നവംബറില്‍ ബി വി നാഗരത്‌നയേയും കര്‍ണാടക ഹൈക്കോടതിയിലെ മറ്റ് രണ്ട് ജഡ്ജിമാരെയും ഒരു കൂട്ടം അഭിഭാഷകര്‍ പ്രതിഷേധത്തിനിടെ കോടതി മുറിയില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. ഇതിനോട് തങ്ങള്‍ക്ക് ദേഷ്യമില്ലെന്നും പക്ഷേ, ബാര്‍ തങ്ങളോട് ചെയ്തതില്‍ സങ്കടമുണ്ടെന്നും ലജ്ജിച്ച് തല താഴ്ത്തണം എന്നുമായിരുന്നു ബി വി നാഗരത്‌ന പിന്നീട് പ്രതികരിച്ചത്. ഇത്തരത്തില്‍ സ്വന്തം അഭിപ്രായങ്ങള്‍ മുഖം നോക്കാതെ വ്യക്തമാക്കുന്നതില്‍ ഒരു നിയമജ്ഞയെന്ന നിലയിലും ബി വി നാഗരത്ന തന്‍റെതായ ഇടം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജസ്റ്റിസ് ബി വി നാഗരത്നയുടെ ചീഫ് ജസ്റ്റിസ് കാലാവധി സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ദിനങ്ങൾ കൂടിയാകുമെന്ന് ഉറപ്പാണ്.


കൂടുതല്‍ വായനയ്ക്ക്: ആദ്യ വനിതാ ചീഫ് ജസ്റ്റിസിന് സാധ്യത തെളിയുന്നു; സുപ്രീം കോടതിയിലേക്ക് 9 ജഡ്ജിമാരുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചു

കൂടുതല്‍ വായനയ്ക്ക്: നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന